ശബരിമല സ്വർണക്കൊള്ളയിൽ നടൻ ജയറാമിന് ഇഡി സമന്‍സ്. ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസ് നൽകി. അടുത്ത ചൊവ്വാഴ്ച ഹാജരാകണമെന്നാണ് നോട്ടീസിലെ നിർദേശം. സ്വർണക്കൊള്ള കേസിലെ ഒന്നാം പ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുമായുള്ള ബന്ധത്തിൽ ഇഡി വ്യക്തത തേടുമെന്നാണ് സൂചന.
ഉണ്ണികൃഷ്ണൻ പോറ്റിക്കൊപ്പമുള്ള ജയറാമിൻ്റെ ചിത്രം പുറത്തുവന്നിരുന്നു. സ്വര്‍ണപ്പാളികളുമായി ഉണ്ണികൃഷ്ണന്‍ പോറ്റി നടത്തിയ പൂജയില്‍ നടന്‍ ജയറാമും ഭാഗമായിരുന്നു. ചെന്നൈ അമ്പത്തൂരിലെ ഫാക്ടറിയിൽ വച്ച് നടന്ന പൂജയുടെ ചിത്രമായിരുന്നു അത്.
കേസിൽ കൂടുതൽ പേർക്ക് ഇഡി നോട്ടീസ് അയക്കും. നേരത്തെ മുരാരി ബാബുവിനെയും ശ്രീകുമാറിനെയും ഇഡി ചോദ്യം ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് സാക്ഷി പട്ടികയിലുള്ള ജയറാമിന് ഇഡി നോട്ടീസ് അയച്ചിരിക്കുന്നത്. സ്വർണ്ണക്കൊള്ളക്കേസിൽ കള്ളപ്പണ ഇടപാടാണ് ഇഡി അന്വേഷിക്കുന്നത്. പിഎംഎൽഎ ആക്ട് പ്രകാരമാണ് ഇഡി കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
അതേസമയം സ്വർണക്കൊള്ള കേസിൽ ജയറാമിനെ എസ്ഐടി ചോദ്യം ചെയ്തിരുന്നു. ജയറാമിനെ തെറ്റിദ്ധരിപ്പിച്ചാണ് പോറ്റി ചടങ്ങുകളിൽ പങ്കെടുപ്പിച്ചത് എന്ന് എസ്ഐടി റിപ്പോർട്ട് നൽകിയിരുന്നു. ജയറാമിന് സ്വർണക്കൊള്ളയുമായി ബന്ധമില്ലെന്നും പ്രതികളുമായി സാമ്പത്തിക ഇടപാടുകളില്ലെന്നും വ്യക്തമായതോടെ, എസ്ഐടി ജയറാമിന് ക്ലീൻ ചിറ്റ് നൽകിയിരുന്നു.
















