എൽഡിഎഫ് സർക്കാരിന്റെ വികസന നേട്ടങ്ങൾ ജനങ്ങളിലെത്തിക്കാൻ മൂന്ന് മേഖലകളിലായി നടക്കുന്ന ‘വികസന മുന്നേറ്റ ജാഥ’കൾ ആവേശകരമായി തുടരുന്നു. വടക്ക് എം.വി. ഗോവിന്ദനും, തെക്ക് ബിനോയ് വിശ്വവും, മധ്യമേഖലയിൽ ജോസ് കെ. മാണിയും ജാഥകൾക്ക് നേതൃത്വം നൽകുന്നു.
എം വി ഗോവിന്ദന്‍ നയിക്കുന്ന പര്യടനം മലപ്പുറം ജില്ലയില്‍ തുടരുന്നു. രണ്ടാം ദിവസമായ ഇന്ന് രാവിലെ 10ന് കൊണ്ടോട്ടിയില്‍നിന്ന് ജാഥ തുടങ്ങും. മൂന്നിന് ഏറനാട്, നാലിന് നിലമ്പൂര്‍ മണ്ഡലങ്ങളിലെ പര്യടനശേഷം അഞ്ച് മണിയോടെ വണ്ടൂരില്‍ ഇന്നത്തെ യാത്ര സമാപിക്കും.
ബിനോയ് വിശ്വം നയിക്കുന്ന എൽഡിഎഫ് വികസന മുന്നേറ്റ ജാഥ കൊല്ലം ജില്ലയിൽ പര്യടനം തുടരുകയാണ്. തെക്കൻ മേഖലാ ജാഥയുടെ രണ്ടാം ദിനമായ ഇന്ന് കരുനാഗപ്പള്ളി, ചവറ, കുണ്ടറ, കൊല്ലം, ഇരവിപുരം മണ്ഡലങ്ങളിൽ സ്വീകരണം ഏറ്റുവാങ്ങും. ഭരണിക്കാവിലെ പ്രഭാത സദസിൽ ജാഥാ അംഗങ്ങൾ പങ്കെടുക്കും. ആദ്യ ദിനം ജാഥ 4 മണ്ഡലങ്ങളിൽ പര്യടനം പൂർത്തിയാക്കി.
ജോസ് കെ മാണി നയിക്കുന്ന ജാഥക്ക് ഇന്നലെ കോട്ടയം- ഇടുക്കി അതിർത്തിയിൽ സ്വീകരണം നൽകിയിരുന്നു. തുടർന്ന് വണ്ടിപ്പെരിയാറിൽ ആയിരുന്നു ജില്ലയിലെ ആദ്യ പരിപാടി. ഇന്ന് രാവിലെ അടിമാലിയിൽ പൗര പ്രമുഖരുമായി കൂടിക്കാഴ്ച നടത്തും.
അടിമാലിയിലാണ് ജാഥയ്ക്ക് ആദ്യ സ്വീകരണം. തുടർന്ന് ചെറുതോണിയിലും തൊടുപുഴയിലും സ്വീകരണ കേന്ദ്രങ്ങളിൽ ജോസ് കെ മാണി സംസാരിക്കും. രാവിലെ അടിമാലിയിൽ മാധ്യമങ്ങളെ കാണുന്ന ജോസ് കെ മാണി, മാണി സി കാപ്പൻ ഉന്നയിച്ച ആരോപണങ്ങൾക്ക് ഉൾപ്പെടെ മറുപടി നൽകും.















