വിശ്വാസവും സ്നേഹവും നിറഞ്ഞ ഒരു കുടുംബത്തിൽ അവിഹിത ബന്ധങ്ങൾ എന്ന വിഷം കലരുമ്പോൾ, തകരുന്നത് വെറും ബന്ധങ്ങൾ മാത്രമല്ല, ഒരുപറ്റം മനുഷ്യരുടെ ജീവിതം കൂടിയാണ്. തന്നെ വിശ്വസിച്ചു ജീവനുതുല്യം സ്നേഹിക്കുന്ന പങ്കാളിയെ, മറ്റൊരാൾക്ക് വേണ്ടി നിഷ്കരുണം ഇല്ലാതാക്കുന്ന വാർത്തകൾ ഇന്ന് നമ്മുടെ സമൂഹത്തിൽ ഒരു നിത്യസംഭവമായി മാറിക്കൊണ്ടിരിക്കുന്നു.
സ്വന്തം താൽക്കാലിക സുഖങ്ങൾക്കും സന്തോഷങ്ങൾക്കും വേണ്ടി, തങ്ങൾക്കൊപ്പം ജീവിച്ചവരെയും തങ്ങളെ തണലായി കണ്ടവരെയും ക്രൂരമായി കൊലപ്പെടുത്താൻ മടിക്കാത്തവർ മനുഷ്യൻ എന്ന വാക്കിന് പോലും അർഹരല്ല. മറ്റൊരാളുടെ കടന്നുവരവോടെ, അതുവരെ കൂടെയുണ്ടായിരുന്നവരുടെ സ്നേഹവും കരുതലുമെല്ലാം വെറും തടസ്സങ്ങളായി മാറുന്ന അവസ്ഥ എത്രയോ ഭയാനകമാണ്.
ഇടുക്കിയിലെ ശാന്തൻപാറയിൽ സംഭവിച്ചതും ഇത്തരത്തിൽ ചോര മരവിപ്പിക്കുന്ന ഒരു ചതിയുടെ കഥയായിരുന്നു. തന്റെ ഭാര്യക്കും മകൾക്കും വേണ്ടി രാപ്പകൽ അധ്വാനിച്ച ഒരു പാവം മനുഷ്യനെ, വഴിവിട്ട ബന്ധത്തിന്റെ ലഹരിയിൽ ഒരു ദയയുമില്ലാതെ ഇല്ലാതാക്കിയ കൊടുംക്രൂരത. പ്രിയപ്പെട്ടവളുടെയും ഉറ്റ സുഹൃത്തിന്റെയും ചതിക്കുഴികൾ തിരിച്ചറിയാതെ പോയ റിജോഷിന്റെയും, ആ ക്രൂരതയിൽ ബലിയാടായ കുഞ്ഞു ജോവാനയുടെയും നോവ് ഇന്നും അവസാനിക്കുന്നില്ല.
ഇടുക്കി ശാന്തൻപാറയിലെ ഒരു കൊച്ചു കുടുംബം. അവിടെയായിരുന്നു റിജോഷും ലിജിയും മൂന്ന് വയസ്സുകാരി ജോവാനയും താമസിച്ചിരുന്നത്. സന്തോഷകരമായ ഒരു കുടുംബം. എന്നാൽ ആ കുടുംബത്തിൽ സന്തോഷം അധിക നാൾ ഉണ്ടായിരുന്നില്ല, റിജോഷിന്റെ സുഹൃത്തും ലിജി ജോലി ചെയ്തിരുന്ന ഫാം ഹൗസിലെ മാനേജറുമായ വസീമിന്റെ വരവോടെ ആ കുടുംബത്തിന്റെ താളം മൊത്തം തെറ്റി. ലിജിക്ക് വസീമിനോട് തോന്നിയ പ്രണയമായിരുന്നു പ്രശ്നം.
ഭാര്യക്കും മകൾക്കും വേണ്ടി രാപകലില്ലാതെ അധ്വാനിച്ചുകൊണ്ടിരുന്ന റിജോഷ് തന്റെ മുക്കിനു താഴെ നടക്കുന്ന ചതി തിരിച്ചറിയാൻ കഴിഞ്ഞില്ല. കൂടാതെ തന്റെ ആത്മാർത്ഥ സുഹൃത്തും ഭാര്യയും തന്നെ ചതിക്കുമെന്നും ആ പാവം മനുഷ്യൻ ഒരിക്കലും ചിന്തിച്ചുപോലും കാണില്ല. അങ്ങനെ ആ കറുത്ത ദിനം വന്നെത്തി. തങ്ങൾക്ക് ഒന്നിച്ചു ജീവിക്കണം എങ്കിൽ അതിന് റിജോഷ് ഒരു തടസം ആണെന്ന് കരുതിയ വസീമും ലിജിയും അയാളെ ഇല്ലാതാകാനായി തീരുമാനിച്ചു.
അങ്ങനെ അവർ കണ്ടുപിടിച്ച ദിവസം ഒക്ടോബർ 31നായിരുന്നു. തന്റെ സുഹൃത്തു വിളിച്ചതനുസരിച്ചു ഫാം ഹൗസിലെത്തിയതായിരുന്നു റിജോഷ്. ചതി മനസിലാകാതെ ആ പാവം നടന്നെത്തിയത് സ്വന്തം മരണത്തിലേക്കായിരുന്നു. മദ്യത്തിൽ ലഹരിമരുന്ന് കലർത്തി ബോധരഹിതനാക്കിയ ശേഷം വസീം റിജോഷിനെ ക്രൂരമായി കൊലപ്പെടുത്തി. മൃതദേഹം ഒളിപ്പിക്കാനായി ഇവർ നേരത്തെ സ്ഥലം കണ്ടെത്തിയിരുന്നു. അതിനു മുമ്പായി ശരീരം കത്തിക്കാനായി അവർ ശ്രമിച്ചു. എന്നാൽ അന്ന് പെയ്ത മഴ അതിന് സമ്മതിച്ചില്ല. അവസാനം പാതി കത്തിയ ശരീരം ജെ.സി.ബി ഉപയോഗിച്ച് വലിയ കുഴിയെടുത്ത് റിജോഷിന്റെ ശരീരം അവർ മണ്ണിട്ട് മൂടി.
പിറ്റേ ദിവസം ഒന്നും സംഭവിക്കാത്തതുപോലെ ലിജി നടന്നു. എന്നാൽ റിജോഷിനെ കാണാനില്ലല്ലോ എന്ന് വീട്ടുകാർ തിരക്കിയപ്പോൾ “അയാൾ പണം ചോദിച്ച് വഴക്കുണ്ടാക്കി എറണാകുളത്തേക്ക് പോയി” എന്ന കള്ളം വളരെ വിശ്വസനീയമായി ലിജി പറഞ്ഞുണ്ടാക്കി. എങ്കിലും വീട്ടുകാർ പോലീസിൽ പരാതി പെട്ടു.
പോലീസിനെ തെറ്റിദ്ധരിപ്പിക്കാൻ റിജോഷിന്റെ ഫോണിൽ നിന്ന് ലിജിയുടെ ഫോണിലേക്ക് വസീം വ്യാജ കോളുകൾ ചെയ്തുകൊണ്ടിരുന്നു. പക്ഷെ സത്യം അധികകാലം മറച്ചു വെക്കാനാവില്ലല്ലോ. പോലീസിന്റെ കൃത്യമായ അന്വേഷണത്തിൽ ലിജിയും വസീമും തമ്മിലുള്ള ബന്ധവും അവരുടെ ഫോൺ രേഖകളും പുറത്തുവന്നു. റിജേഷിന് എന്തോ സംഭവിച്ചതാണെന്ന് മനസിലാക്കിയ പോലീസ് ഫാം ഹൗസ് പരിശോധിക്കാനായി തീരുമാനിച്ചു.
അങ്ങനെ പോലീസ് നായയെയും കൊണ്ട് വന്ന ഫാം ഹൗസിൽ പരിശോധന നടത്തി. പരിശോധനയിൽ നായ ഓടി ചെന്നു നിന്നത് റിജോഷിനെ കുഴിച്ചിട്ട ആ മണ്ണിന് മുകളിലായിരുന്നു. ഉടൻ തന്നെ പോലീസ് അവിടെ മണ്ണ് മാറ്റിയപ്പോൾ ആ പാവം മനുഷ്യന്റെ കത്തിക്കരിഞ്ഞ അവശിഷ്ടങ്ങൾ പുറംലോകം കണ്ടു.
അപ്പോഴേക്കും ലിജി തന്റെ മൂന്ന് വയസ്സുകാരി മകളെയും കൂട്ടി വസീമിനൊപ്പം മുംബൈയിലേക്ക് കടന്നിരുന്നു. പോലീസ് തങ്ങളെ പിടിക്കുമെന്ന് ഉറപ്പായപ്പോൾ, ആ സ്ത്രീ മറ്റൊരു ക്രൂരതകൂടി ചെയ്തു. തന്റെ മൂന്ന് വയസായ കുഞ്ഞിനെ വിഷം നൽകി കൊലപ്പെടുത്തി. അതിനോടൊപ്പം തന്നെ വസീമും ലിജിയും വിഷം കഴിച്ചേക്കിലും മരണം സംഭവിച്ചില്ല.
ഇന്ന്, റിജോഷിന്റെ കല്ലറയ്ക്ക് അരികിൽ തന്നെ ആ കൊച്ചു കുഞ്ഞും അന്ത്യവിശ്രമം കൊള്ളുന്നു. കാമുകന് വേണ്ടി ഭർത്താവിനെയും മകളെയും ബലികൊടുത്ത ലിജിയും വസീമും ഇന്ന് നിയമത്തിന് മുൻപിലാണ്. ഭർത്താവിനെ കൊന്ന ശേഷം സമാദാനമായി ജീവിക്കാമെന്ന് കരുതിയത് അവർക്ക് തെറ്റി, ഒരുമിച്ചു മരിക്കാമെന്ന് കരുതിയപ്പോൾ അവിടെയും അവർക്ക് തെറ്റി. ചെയ്ത പാപങ്ങൾ അനുഭവിക്കാനായി അവർ ഭൂമിയിൽ തന്നെ ഉണ്ടാകണം എന്ന് ആകും വിധി. ഒന്നും അറിയാത്ത രണ്ടുപേരുടെ ജീവൻ എടുത്ത അവർ ഇന്ന് അഴിക്കുള്ളിൽ ജീവിക്കുന്നു.
















