കേരളം യൂണിവേഴ്സിറ്റിയിൽ കലോത്സവം നടത്താൻ അനുമതി വേണമെന്നാവശ്യപ്പെട്ട് സർവകലാശാലാ ആസ്ഥാനത്തേക്ക് എസ്എഫ്‌ഐ പ്രവർത്തകർ നടത്തിയ പ്രതിഷേധമാർച്ച് സംഘർഷത്തിലവസാനിച്ചു. രാവിലെ മുതൽ തുടർന്ന സംഘർഷാന്തരീക്ഷത്തിനൊടുവിൽ സർവകലാശാല യൂണിയൻ ചെയർമാൻ അശ്വിൻ ഉൾപ്പെടെ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. കൂടാതെ സർവകാലശാല ആസ്ഥാനത്തുനിന്ന് എസ്എഫ്ഐ പ്രവർത്തകരെ നീക്കുകയും ചെയ്തു.
സർവകലാശാല വൈസ് ചാൻസലർ ഡോ. മോഹനൻ കുന്നുമ്മൽ കലോത്സവം നടത്താൻ അനുമതി നൽകുന്നില്ല, യാത്രബത്തയുമായി ബന്ധപ്പെട്ടുള്ള ഫണ്ട് അനുവദിക്കുന്നതിലുള്ള വീഴ്ച തുടങ്ങിയ കാരണങ്ങൾ ഉന്നയിച്ചാണ് എസ്എഫ്‌ഐ പ്രതിഷേധിക്കുന്നത്. രാപ്പകൽ സമരത്തിനായി ഇന്നലെ എസ്എഫ്‌ഐ ആഹ്വാനം നൽകിയിരുന്നു.
എന്നാൽ ഇന്ന് പോലീസുകാർ സ്ഥാപിച്ച ബാരിക്കേഡുകൾ മറിച്ചിട്ടാണ് പ്രതിഷേധക്കാർ സർവകലാശാലാ ആസ്ഥാനത്തേക്ക് കടന്നത്. അനുനയിപ്പിക്കാൻ പോലീസുകാർ ശ്രമിച്ചെങ്കിലും അതിനു സാധിക്കാതെ വന്നതോടെയാണ് അറസ്റ്റ് ചെയ്തതും ഫലം പ്രയോഗിച്ചു പ്രവർത്തകരെ സർവകലാശാല ആസ്ഥാനവളപ്പിൽനിന്ന് പുറത്താക്കിയതും.
















