അര്‍ജുന്‍ ആയങ്കിയുടെ അഴീക്കോട് കപ്പക്കടവിലെ വീട്ടില്‍ കണ്ണൂര്‍ സൈബര്‍ പൊലീസ് പരിശോധന നടത്തി. ആഭ്യന്തര മന്ത്രിയെ അധിക്ഷേപിച്ച് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്‌തെന്ന കേസിന്റെ അന്വേഷണത്തിന്റെ ഭാഗമായാണ് പരിശോധന. പരിശോധനയില്‍ ഒരു ലാപ്‌ടോപ്പ് പൊലീസ് പിടിച്ചെടുത്തു. കണ്ണൂര്‍ സൈബര്‍ പൊലീസ് എസ്എച്ച്ഒ എ. അനൂപിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്. അര്‍ജുന്‍ ആയങ്കിയുടെ അമ്മയുടെയും സഹോദരന്‍ അജയ് ആയങ്കിയുടെയും മൊഴിയും പൊലീസ് രേഖപ്പെടുത്തി. വീട്ടില്‍ ഒരു മണിക്കൂറിലേറെ നീണ്ട പരിശോധനയ്ക്കും ചോദ്യം ചെയ്യലിനും ശേഷമാണ് പൊലീസ് മടങ്ങിയത്.
കേസില്‍ നിര്‍ണായകമായ ഡിജിറ്റല്‍ തെളിവുകള്‍ കണ്ടെത്തുകയാണ് പരിശോധനയുടെ പ്രധാന ലക്ഷ്യമെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. ആഭ്യന്തര മന്ത്രിയെ അധിക്ഷേപിച്ച് പോസ്റ്റ് ചെയ്തതിന് ഉപയോഗിച്ച ഉപകരണം ഏതാണെന്ന് കണ്ടെത്തുന്നതിനായി പിടിച്ചെടുത്ത ലാപ്‌ടോപ്പ് ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കും. ലാപ്‌ടോപ്പിലെ നിലവിലുള്ളതും ഡിലീറ്റ് ചെയ്തതുമായ വിവരങ്ങള്‍ ഉള്‍പ്പെടെ പരിശോധിക്കും. അര്‍ജുന്‍ ആയങ്കിയുടെ കൈയില്‍നിന്ന് നേരത്തെ ഒരു മൊബൈല്‍ ഫോണ്‍ പൊലീസ് പിടിച്ചെടുത്തിരുന്നു. എന്നാല്‍ കേസുമായി ബന്ധപ്പെട്ട പോസ്റ്റുകളും കമന്റുകളും ഒന്നിലധികം ഉപകരണങ്ങളില്‍ നിന്നാണ് വന്നതെന്ന സംശയത്തിലാണ് പൊലീസ് അന്വേഷണം തുടരുന്നത്.
അതേസമയം, അര്‍ജുന്‍ ആയങ്കിയെ കസ്റ്റഡിയില്‍ വാങ്ങുന്നതിനായി പൊലീസ് കോടതിയില്‍ പ്രൊഡക്ഷന്‍ വാറണ്ട് സമര്‍പ്പിച്ചിട്ടുണ്ട്. അഞ്ച് ദിവസത്തെ പൊലീസ് കസ്റ്റഡി ആവശ്യപ്പെട്ടാണ് നീക്കം. കസ്റ്റഡിയില്‍ ലഭിച്ചാല്‍ കേസുമായി ബന്ധപ്പെട്ട് അര്‍ജുന്‍ ആയങ്കിയെ വിശദമായി ചോദ്യം ചെയ്യുകയും കൂടുതല്‍ ഡിജിറ്റല്‍ തെളിവുകള്‍ ശേഖരിക്കുകയും ചെയ്യും. അര്‍ജുന്‍ ആയങ്കി ഒളിവില്‍ കഴിഞ്ഞിരുന്ന സമയത്ത് പൊലീസിനെ പരിഹസിച്ചുകൊണ്ടുള്ള കമന്റുകളും റീലുകളും ട്രോളുകളും പോസ്റ്റ് ചെയ്തത് സുഹൃത്ത് പ്രണവാണെന്നാണ് ആയങ്കി മൊഴി നല്‍കിയതെന്നാണ് വിവരം. പ്രണവ് നിലവില്‍ ഒളിവിലാണ്. ഇയാളെ കണ്ടെത്താനുള്ള അന്വേഷണവും പൊലീസ് ശക്തമാക്കിയിട്ടുണ്ട്.
ഒളിവില്‍ കഴിയുന്നതിനിടെ വിവിധ സ്ഥലങ്ങളില്‍ നിന്ന് ഒന്നിലധികം ആളുകളെ സോഷ്യല്‍ മീഡിയ പേജുകളുടെ അഡ്മിന്‍മാരാക്കി പോസ്റ്റുകളും കമന്റുകളും പ്രചരിപ്പിച്ചിട്ടുണ്ടോയെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്.
















