നടൻ ബിജു മേനോൻ പ്രൊമോഷനിൽ പങ്കെടുക്കാത്തതിനാൽ 25 ലക്ഷം രൂപ നഷ്ടമായെന്ന പരാതിയിൽ ഇടപെട്ട് നിർമാതാക്കളുടെ സംഘടന. ‘നടന്ന സംഭവം’ ചിത്രത്തിന്റെ നിർമാതാവ് അനൂപ് കണ്ണന്റെ പരാതിയിൽ നഷ്ടപരിഹാരമായി 15 ലക്ഷം രൂപ നൽകാൻ ബിജു മേനോനോട് കേരള ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ ആവശ്യപ്പെട്ടിരിക്കുകയാണ്.
ഇത് കാണിച്ചു സംഘടനാ ബിജു മേനോന് കത്ത് നൽകി. ബിജു മേനോൻ കരാറിലെത്തുന്ന അടുത്ത ചിത്രത്തിന്റെ അഡ്വാൻസ് തുകയിൽനിന്ന് പണം ഈടാക്കാനാണ് നീക്കം. നടൻ അഭിനയിച്ച ‘നടന്ന സംഭവം’ എന്ന ചിത്രത്തിന്റെ ഒടിടി റിലീസിന് മുന്നോടിയായി ഒരു ചാനലിലെ അഭിമുഖത്തിൽ പങ്കെടുക്കണമെന്ന് നിർമാതാവ് ആവശ്യപ്പെട്ടിരുന്നു. നടൻ സമ്മതിച്ചതുമാണ്.
എന്നാൽ പിന്നീട് പിന്മാറുകയായിരുന്നു. ഇതേ തുടർന്ന് അനൂപ് കണ്ണന് 25 ലക്ഷം നഷ്ടമായി. ഇത് കാണിച്ചാണ് നിർമാതാക്കളുടെ സംഘടനയ്ക്ക് പരാതി നൽകിയത്. സിനിമയിലെ തൊഴിലാളി യൂണിയനായ ഫെഫ്ക ചെയർമാൻ ബി. ഉണ്ണികൃഷ്ണന്റെ വെളിപ്പെടുത്തലോടെയാണ് സംഭവം പുറംലോകം അറിയുന്നത്.
















