കേന്ദ്ര സർക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങൾക്കും വിവാദമായ ലേബർ കോഡുകൾക്കുമെതിരെ രാജ്യം സമരച്ചൂടിലേക്ക്. സംയുക്ത ട്രേഡ് യൂണിയനുകൾ ആഹ്വാനം ചെയ്ത 24 മണിക്കൂർ ദേശീയ പണിമുടക്ക് ഇന്ന് അർധരാത്രി മുതൽ ആരംഭിക്കും. ബുധനാഴ്‌ച അർധരാത്രി തുടങ്ങുന്ന സമരം വ്യാഴാഴ്‌ച അർധരാത്രി വരെ നീണ്ടുനിൽക്കും. കേരളത്തിൽ ഭരണ-പ്രതിപക്ഷ ട്രേഡ് യൂണിയനുകൾ ഒരുപോലെ സമരരംഗത്തുള്ളതിനാൽ ജനജീവിതം പൂർണ്ണമായും സ്തംഭിക്കാനാണ് സാധ്യത.
സിഐടിയു (CITU) ഉൾപ്പെടെ പത്തോളം പ്രമുഖ കേന്ദ്ര ട്രേഡ് യൂണിയനുകളാണ് ഈ പ്രതിഷേധത്തിന് നേതൃത്വം നൽകുന്നത്. തുറമുഖങ്ങൾ, പൊതുമേഖലാ സ്ഥാപനങ്ങൾ, സ്വകാര്യ വ്യവസായങ്ങൾ എന്നിവയ്ക്ക് പുറമെ ഐടി, ടെലികോം, ഓൺലൈൻ വ്യാപാരം തുടങ്ങിയ ആധുനിക തൊഴിൽ മേഖലകളിലെ ജീവനക്കാരും പണിമുടക്കിന്റെ ഭാഗമാകും. മോട്ടോർ വാഹന തൊഴിലാളികൾ സമരത്തിൽ പങ്കുചേരുന്നതിനാൽ ഓട്ടോ, ടാക്സി സർവീസുകൾ മുടങ്ങും. കൂടാതെ മഹിളാ, യുവജന, വിദ്യാർഥി സംഘടനകളും പണിമുടക്കിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചിട്ടുണ്ട്.
തൊഴിലാളികളുടെ അവകാശങ്ങൾ കവരുന്ന ലേബർ കോഡുകൾ പിൻവലിക്കുക എന്നതാണ് സമരക്കാരുടെ പ്രധാന ആവശ്യം. ഇതിനുപുറമെ, മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ പഴയരൂപം പുനഃസ്ഥാപിക്കുക, വിവാദമായ ശ്രം ശക്തി നിതി ബിൽ പിൻവലിക്കുക, ഇൻഷുറൻസ് മേഖലയിലെ നൂറു ശതമാനം വിദേശ നിക്ഷേപം ഒഴിവാക്കുക, കരാർ ജോലികൾ അവസാനിപ്പിച്ച് ജോലിസ്ഥിരത ഉറപ്പുവരുത്തുക തുടങ്ങിയ നിർണ്ണായക ആവശ്യങ്ങളും യൂണിയനുകൾ മുന്നോട്ടുവെക്കുന്നു.
അത്യാവശ്യ സേവനങ്ങളായ ആശുപത്രി, പാൽ, പത്രം, ഫയർഫോഴ്സ് എന്നിവയെ സമരത്തിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. എങ്കിലും, സംസ്ഥാനത്തെ പ്രധാന രാഷ്ട്രീയ പാർട്ടികളുടെയെല്ലാം പിന്തുണയുള്ളതിനാൽ പണിമുടക്ക് കേരളത്തിൽ ഒരു ബന്ദിന്റെ പ്രതീതി സൃഷ്ടിക്കുമെന്ന് ഉറപ്പാണ്.
















