പ്രണയം ഇന്ന് പലർക്കും ഒരു നൊമ്പരമാണ്, മറ്റൊരാളുടെ ജീവിതം വെച്ച് പന്താടാനുള്ള വെറും ഉപകരണം. ഏറെ പ്രതീക്ഷകളോടെയും മോഹങ്ങളോടെയും പ്രണയിച്ച് ഒരുമിച്ച് ജീവിക്കാൻ തീരുമാനിക്കുന്നവർ, പിൽക്കാലത്ത് നരകതുല്യമായ പീഡനങ്ങളിലേക്ക് വലിച്ചെറിയപ്പെടുന്ന കാഴ്ചയാണ് നാം ചുറ്റും കാണുന്നത്.
പ്രണയവും വിവാഹവും മനോഹരമാണ്, പക്ഷേ പക്വതയില്ലാത്ത പ്രായത്തിൽ എടുക്കുന്ന തീരുമാനങ്ങൾ പലപ്പോഴും ജീവിതത്തിന്റെ താളം തെറ്റിക്കുന്നു. പ്രണയം കൗമാരത്തിലെ ചാപല്യങ്ങൾ കാരണം ആർക്കും സംഭവിക്കാവുന്നതാണ്, എന്നാൽ വിവാഹം എന്ന വലിയ ഉത്തരവാദിത്തത്തിലേക്ക് കടക്കും മുൻപ് സ്വന്തം കാലിൽ നിൽക്കാനുള്ള കരുത്ത് അതായത് വിദ്യാഭ്യാസവും ജോലിയും നേടിയെടുക്കേണ്ടത് അനിവാര്യമാണ്. ഒരു നിമിഷത്തെ എടുത്തുചാട്ടം തകർക്കുന്നത് കേവലം രണ്ട് ജീവിതങ്ങളല്ല, മറിച്ച് രണ്ട് കുടുംബങ്ങളുടെ സ്വപ്നങ്ങളെയാണ്.
ഇത്തരമൊരു എടുത്തുചാട്ടത്തിന്റെ ദാരുണമായ ഉദാഹരണമായിരുന്നു 2024-ൽ പത്തനംതിട്ടയെ നടുക്കിയ ആര്യകൃഷ്ണയുടെ മരണം. വർഷങ്ങളുടെ കാത്തിരിപ്പിനും പ്രാർത്ഥനകൾക്കും ഒടുവിൽ മാതാപിതാക്കൾക്ക് ലഭിച്ച നിധിപോലെ വളർന്ന ആ പെൺകുട്ടിക്ക്, ഒടുവിൽ തന്റെ പ്രണയം തന്നെ മരണക്കെണിയായി മാറി. സ്നേഹിച്ചവന്റെ കൈകളിൽ നിന്ന് നേരിടേണ്ടി വന്ന ക്രൂരതകൾക്ക് മുൻപിൽ പതറിപ്പോയ ആര്യയുടെ ജീവിതം, പ്രണയത്തെയും വിവാഹത്തെയും വൈകാരികമായി മാത്രം സമീപിക്കുന്ന ഓരോരുത്തർക്കും ഒരു വലിയ പാഠമാണ്.
പത്തനംതിട്ടയിലെ കോന്നി പയ്യനാമൺ എന്ന ഗ്രാമത്തിൽ, അഞ്ചുവർഷത്തെ കാത്തിരിപ്പിനും പ്രാർത്ഥനകൾക്കും ഒടുവിലാണ് ആ ദമ്പതികൾക്ക് ഒരു വർഷത്തെ ഇടവേളയിൽ പിറന്ന കുഞ്ഞുങ്ങളായിരുന്നു ദേവികൃഷ്ണയും ആര്യകൃഷ്ണയും . ഒരുമിച്ച് കളിച്ചും പഠിച്ചും ആ സഹോദരിമാർ വളർന്നു.
എന്നാൽ ആര്യ അഞ്ചാം ക്ലാസ്സിൽ പഠിക്കുമ്പോഴാണ് ആശിഷ് എന്ന സഹപാഠി അവളുടെ കൂട്ടുകാരനാകുന്നത്. എട്ടാം ക്ലാസ്സിൽ എത്തിയപ്പോഴേക്കും ആ സൗഹൃദം പ്രണയമായി മാറി. പത്താം ക്ലാസ്സിൽ വിവരം വീട്ടിലറിഞ്ഞപ്പോൾ അച്ഛൻ ആര്യയെ ശകാരിച്ചു, അവൾ ഇനി അങ്ങനെയൊന്നും ഉണ്ടാവില്ലെന്ന് അച്ഛനെ തൊട്ട് സത്യം ചെയ്തു ആ പ്രണയം അവിടെ അവസാനിച്ചു. എല്ലാവരും അതൊരു കുട്ടിക്കാലത്തെ തമാശയായി കണ്ട് മറക്കുകയും ചെയ്തു.
വർഷങ്ങൾ കടന്നുപോയി. ആര്യ കോളേജിൽ ബികോം രണ്ടാം വർഷം പഠിക്കുമ്പോഴാണ് പാതിവഴിയിൽ നിലച്ചുപോയെന്നു കരുതിയ ആ പ്രണയം വീണ്ടും ഉടലെടുത്തു. ജോലി ഒന്നുമില്ലെങ്കിലും ബൈക്കിൽ കറങ്ങി നടന്നിരുന്ന ആശിഷ് ആര്യയെ വിടാതെ പിന്തുടർന്നു. എന്നാൽ വീട്ടുകാർ ഈ ബന്ധത്തിനെതിരെ ശക്തമായി എതിർത്ത്. എന്നാൽ, “എന്നെ കല്യാണം കഴിച്ചില്ലെങ്കിൽ നിന്റെ അച്ഛനെയും അമ്മയെയും ചേച്ചിയെയും കൊല്ലും” എന്ന ഭീഷണി മുഴക്കി അവൻ ആര്യയെ ഭയപ്പെടുത്തി. ഒടുവിൽ, കോവിഡ് കാലത്ത് ഓൺലൈൻ ക്ലാസ്സിനായി വാങ്ങിയ ഫോണിലൂടെയുള്ള നിരന്തര സംഭാഷണങ്ങൾക്കൊടുവിൽ അവർ ഒളിച്ചോടാനായി തീരുമാനിച്ചു. സ്വർണ്ണമോ പണമോ വേണ്ടെന്ന് പറഞ്ഞ ആശിഷിനെ വിശ്വസിച്ച് ഒരു രാത്രിയിൽ അവൾ തന്റെ വീട് വിട്ടിറങ്ങി.
മകളെ കാണാതായതോടെ ആ അച്ഛനും അമ്മയും പോലീസ് സ്റ്റേഷനിൽ പരാതിപെട്ടു. ഒടുവിൽ കോന്നി പോലീസ് അവരെ വിളിപ്പിച്ചു. സ്റ്റേഷനിൽ വെച്ച് അച്ഛനെയും അമ്മയെയും കണ്ടപ്പോഴും ആശിഷിന്റെ വാശികൾക്ക് മുന്നിൽ ആര്യ പതറിപ്പോയി. തന്നെ പൊന്നുപോലെ നോക്കുമെന്ന് ഉറപ്പുനൽകിയ ആശിഷിനൊപ്പം അവൾ അച്ഛനെയും അമ്മയെയും ഉപേക്ഷിച്ചു ഭർത്തൃവീട്ടിലേക്ക് യാത്രയായി. പക്ഷേ, ആര്യയുടെ സ്വപ്നങ്ങൾക്കും പ്രതീക്ഷകൾക്കും ഒരാഴ്ചത്തെ ആയുസ്സ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. ലഹരിക്ക് അടിമയായിരുന്ന ആശിഷ് തന്റെ യഥാർത്ഥ രൂപം പുറത്തെടുക്കാൻ തുടങ്ങി.
അങ്ങനെ കുറച്ചു നാളുകൾക്ക് ശേഷം ആര്യ ഗർഭിണിയായി. അവൾ ഗർഭിണിയായിരിക്കുമ്പോഴും ആര്യ ക്രൂരമായ മർദ്ദനങ്ങൾക്ക് ഇരയായി. ലഹരി മരുന്ന് വാങ്ങാൻ പണമില്ലാത്തപ്പോൾ അവൻ ആര്യയെ ക്രൂരമായി തല്ലിച്ചതച്ചു. ആര്യയുടെ വീട്ടിൽ നിന്ന് കാർ വാങ്ങാൻ പണം ചോദിക്കണമെന്നായിരുന്നു അവന്റെ പിന്നീടുള്ള ആവശ്യം. അതിന് വിസമ്മതിക്കുമ്പോഴെല്ലാം മർദ്ദനം തുടർന്നു. ഒരു തവണ മർദ്ദനം സഹിക്കവയ്യാതെ ആര്യ കൈഞരമ്പ് മുറിക്കാൻ വരെ ശ്രമിച്ചു. ആര്യയ്ക്ക് മകൾ ജനിച്ചു 25 ദിവസം പോലും തികയുന്നതിന് മുൻപ് അവളെക്കൊണ്ട് ഹോട്ടലിൽ പണിയെടുപ്പിച്ചു. മകളുടെ മുന്നിലിട്ട് അവളെ തല്ലുകയും ചവിട്ടുകയും ചെയ്തു.
പലപ്പോഴും ആര്യ വീട്ടുകാരെ വിളിച്ച് തന്റെ സങ്കടങ്ങൾ പറയുമായിരുന്നു. വീട്ടിലേക്ക് വരൻ പറയുമ്പോൾ അവൾ തന്റെ മകളെ ഓർത്തു എല്ലാം സഹിച്ചു. എന്നാൽ 2024 മെയ് 21-ന് കാര്യങ്ങൾ മാറിമറിഞ്ഞു. അന്ന് രാവിലെയും ആര്യ അമ്മയെ വിളിച്ച് കരഞ്ഞിരുന്നു. “അമ്മേ, ആശിഷ് എന്നെ കൊല്ലും, എന്തെങ്കിലും ചെയ്യ്” എന്ന് അവൾ അപേക്ഷിച്ചു. എന്നാൽ കുറച്ചു സമയത്തിന് ശേഷം വീട്ടുകാർ മകളെ വിളിച്ചപ്പോൾ അവൾ സന്തോഷത്തോടെ ഇരിക്കുന്നത് കണ്ടപ്പോൾ എല്ലാവരും ആശ്വസിച്ചു. പക്ഷേ, വൈകുന്നേരം അഞ്ചരയോടെ ആര്യ തൂങ്ങിമരിച്ചു എന്ന വാർത്തയാണ് ആ വീട്ടുകാരെ തേടിയെത്തിയത്.
പോലീസ് അന്വേഷണം ആരംഭിച്ചു. അങ്ങനെ ആ വീട്ടിൽ ഉണ്ടായിരുന്ന രണ്ടര വയസ്സുള്ള മകൾ ദേവികൃഷ്ണ അന്ന് അവിടെ കണ്ട കാഴ്ചകൾ വിവരിക്കുമ്പോൾ ആർക്കും കണ്ണീരടക്കാനാവില്ല. “അച്ഛനും സൂര്യജ് മാമനും കൂടി അമ്മയെ തടികൊണ്ട് കെട്ടി തൂക്കി” എന്നാണ് ആ കുരുന്ന് പോലീസിനോട് പറയുന്നത്.
ആര്യ ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്നും അതൊരു കൊലപാതകമാണെന്നും ആ മാതാപിതാക്കൾ ഉറച്ചുവിശ്വസിച്ചിരുന്നു. തന്റെ അച്ഛനെയും അമ്മയെയും പിരിഞ്ഞ് ഇറങ്ങിപ്പോയതിൽ ആര്യ പിന്നീട് ഒരുപാട് ദുഃഖിച്ചിരുന്നു. “അമ്മേ, എനിക്ക് അന്ന് തിരിച്ചറിവില്ലായിരുന്നു, ഇപ്പോൾ എല്ലാം അനുഭവിച്ചു” എന്ന് അവൾ പറഞ്ഞ വാക്കുകൾ ആ അമ്മയുടെ കാതുകളിൽ ഇന്നും മുഴങ്ങുന്നുണ്ട്.
താൻ പ്രാണനെപ്പോലെ സ്നേഹിച്ചവൻ തന്നെ മരണത്തിലേക്ക് തള്ളിവിടുമെന്ന് ആ പെൺകുട്ടി കരുതിയിട്ടുണ്ടാവില്ല. ഒരുപാട് സ്വപ്നങ്ങളും പ്രതീക്ഷകളുമായി താൻ സ്നേഹിച്ചവന്റെ കൂടെ ജീവിതത്തിലേക്ക് വന്ന അവൾ അനുഭവിച്ചത് ഒരുപാട് ആയിരുന്നു. പ്രെണയത്തിന്റെ പേരിൽ അറിവില്ലാത്ത പ്രായത്തിൽ എടുക്കുന്ന തീരുമാനങ്ങൾക്ക് ഉദാഹരണമായിരുന്നു ഈ സംഭവം.
















