ഫെബ്രുവരി 14ന് ലോകം മുഴുവന്‍ പ്രണയദിനം ആഘോഷിക്കാന്‍ ഒരുങ്ങുകയാണ്. സകലമാന പ്രണയ ജോഡികളും പ്രണയ ദിനത്തില്‍ മധുരം നല്‍കിയും, മധുര സത്ക്കാരങ്ങള്‍ നടത്തിയും പ്രണയ ദിനത്തെ മധുരത്തില്‍ മുക്കുമെന്നുറപ്പാണ്. മധുരം നല്‍കലും പ്രണയം പറച്ചിലുമെല്ലാം ഈ ദിനത്തിന്റെ ട്രെന്റാകുമ്പോള്‍ വരുന്ന പ്രണയദിനത്തില്‍ വ്യത്യസ്തമായൊരു ചുവടുവെപ്പ് നടത്താന്‍ തയാറെടുക്കുകയാണ് സര്‍ക്കാരിന്റെ സ്വന്തം സപ്ലൈകോയും. പ്രണയിക്കുന്നവര്‍ പരസ്പരം സംസാരിക്കുന്നതും, പ്രണയ പരവശരാകുന്നതിനെയും കേരളീയര്‍ പൊതുവേ വിളിക്കുന്ന വാക്കാണ് ‘പഞ്ചാരയടി’. പഞ്ചസാരയിലെ മധുരം തന്നെയാണ് പഞ്ചായടി എന്ന വാക്കിനെ പ്രണയവുമായി കൂട്ടിക്കെട്ടിയിരിക്കുന്നത്.
പ്രണയ ദിനത്തിലെ പ്രണയ പരവശരെ പഞ്ചസാരയുടെ മധുരം അറിയിക്കാനുള്ള നീക്കമാണ് സപ്ലൈകോ നടത്തുന്നത്. ഫെബ്രുവരി 14ന് സപ്ലൈകോയില്‍ നിന്ന് സാധനങ്ങള്‍ വാങ്ങിക്കുന്നവരെ കാത്തിരിക്കുന്നത് അത്യുഗ്രന്‍ ഓഫറാണ്. ഓരോ ആഘോഷത്തിനും വ്യത്യസ്തങ്ങളായ ഓഫറുകള്‍ പ്രഖ്യാപിക്കാറുള്ള സപ്ലൈകോ, പ്രണയദിനത്തിലും സമ്മാനിക്കുന്നത് വമ്പിച്ച വിലക്കുറവാണ്. ഫെബ്രുവരി 14ന് പ്രണയദിനത്തില്‍ സപ്ലൈകോയില്‍ നിന്ന് 1,000 രൂപയ്ക്ക് മുകളില്‍ സബ്സിഡി ഇതര സാധനങ്ങള്‍ വാങ്ങിക്കുന്നവരെയാണ് ഓഫര്‍ കാത്തിരിക്കുന്നത്. 1,000 രൂപയ്ക്ക് സാധനങ്ങള്‍ വാങ്ങിക്കുന്നവര്‍ക്ക് 14 രൂപയ്ക്ക് ഒരു കിലോ പഞ്ചസാര സ്വന്തമാക്കാവുന്നതാണ്. നിലവില്‍ 44 രൂപയോളമാണ് പഞ്ചസാരയ്ക്ക് സപ്ലൈകോയില്‍ ഈടാക്കുന്നത്.
500 രൂപയ്ക്ക് മുകളിലാണ് നിങ്ങള്‍ വാങ്ങിക്കുന്ന സബ്സിഡി ഇതര സാധനങ്ങളുടെ വിലയെങ്കില്‍ 14 രൂപയ്ക്ക് അരകിലോ പഞ്ചസാരയാണ് ലഭിക്കുക. എന്നാല്‍ ഈ ഓഫര്‍ ഒരു ദിവസം കൊണ്ട് അവസാനിക്കുന്നതല്ല, ഫെബ്രുവരി 28 വരെ വന്‍വിലക്കുറവില്‍ പഞ്ചസരാ വീട്ടിലേക്ക് കൊണ്ടുപോകാവുന്നതാണ്. സപ്ലൈകോയുടെ ശബരി സബ്സിഡി വെളിച്ചെണ്ണ ലിറ്ററിന് 289 രൂപയാക്കി കുറച്ചു. ഇതിന് പുറമെ സപ്ലൈകോ വഴി വില്‍പന നടക്കുന്ന ശബരി നോണ്‍ സബ്സിഡി വെളിച്ചെണ്ണയുടെ വില 329ല്‍ നിന്ന് 309ലേക്കും കുറച്ചിട്ടുണ്ട്.
















