‘ദൃശ്യം 3’ സിനിമയുടെ ഹിന്ദി പതിപ്പിന്റെ ചിത്രീകരണം പുരോഗമിക്കുകയാണ്. ചിത്രത്തിൽ നടൻ പ്രകാശ് രാജ് ജോയിൻ ചെയ്തിരിക്കുകയാണ്. വിവരം താരം തന്നെയാണ് എക്‌സിലൂടെ പങ്കുവെച്ചത്. ഇപ്പോഴിതാ അക്ഷയ് ഖന്നയ്ക്ക് പകരക്കാരനായി പ്രകാശ് രാജ് എത്തിയതാണോ എന്നാണ് ആരാധകർ ചോദിക്കുന്നത്. ഈ റിപ്പോട്ടുകൾക്ക് പ്രകാശ് രാജ് തന്നെ മറുപടി നൽകുന്നുണ്ട്.
Started shooting for this engaging franchise #Drishyam3 in hindi. With a wonderful team and a scintillating role to play . Im sure you will love it . ❤️❤️❤️( and yes im not replacing anyone..) 😛😛😛
— Prakash Raj (@prakashraaj) February 10, 2026
‘പിടിച്ചിരുത്തുന്ന ആ ഫ്രാഞ്ചൈസി, ഹിന്ദി ദൃശ്യം 3 യുടെ ചിത്രീകരണം തുടങ്ങി. മനോഹരമായ ഒരു ടീമിനൊപ്പം, അവതരിപ്പിക്കാനുള്ളത് ഉജ്ജ്വലമായ ഒരു റോള്‍ ആണ്. നിങ്ങള്‍ ഇത് ഇഷ്ടപ്പെടുമെന്ന് എനിക്ക് ഉറപ്പുണ്ട്’, പ്രകാശ് രാജ് കുറിച്ചു. മറ്റാര്‍ക്കെങ്കിലും പകരക്കാരനായല്ല താന്‍ ചിത്രത്തില്‍ ജോയിന്‍ ചെയ്തിരിക്കുന്നതെന്നും അദ്ദേഹം ട്വിറ്ററിൽ പോസ്റ്റ് ചെയ്ത പോസ്റ്റിൽ പറയുന്നു.
ഒക്‌ടോബർ 2 ന് ദൃശ്യം 3 യുടെ ഹിന്ദി പതിപ്പ് തിയേറ്ററിൽ എത്തുമെന്നാണ് അണിയറപ്രവർത്തകർ അറിയിച്ചിരിക്കുന്നത്. ദൃശ്യം ഹിന്ദിയിലെ ആദ്യ രണ്ട് ഭാഗങ്ങളിലും പ്രകാശ് രാജ് ഉണ്ടായിരുന്നില്ല. അതിനാല്‍ത്തന്നെ പുതിയ കഥാപാത്രത്തെയാവും അദ്ദേഹം സിനിമയിൽ എത്തുക. അതേസമയം, പ്രതിഫല തർക്കത്തെ തുടർന്നാണ് അക്ഷയ് ഖന്ന ‘ദൃശ്യം 3’യിൽനിന്ന് പിന്മാറിയതെന്നാണ് റിപ്പോർട്ട്. ‘ധുരന്ധർ’ വിജയത്തിന് പിന്നാലെ താരം പ്രതിഫലം കൂട്ടി ചോദിച്ചതാണ് പ്രതിസന്ധി സൃഷ്ടിച്ചത്. കൂടാതെ, ചിത്രത്തിൽ തന്റെ ഗെറ്റ് അപ്പിൽ ഏതാനും മാറ്റങ്ങളും താരം നിർദേശിച്ചിരുന്നു.
ഇവ രണ്ടും നിർമാതാക്കൾക്ക് അംഗീകരിക്കാൻ കഴിയാതെ വന്നതോടെയാണ് ചിത്രത്തിൽനിന്ന് പിന്മാറാൻ അക്ഷയ് ഖന്ന തീരുമാനിച്ചത് എന്നാണ് റിപ്പോർട്ടുകൾ. ‘ദൃശ്യം 2’ മുതലാണ് അക്ഷയ് ഖന്ന ‘ദൃശ്യം’ ഫ്രാഞ്ചൈസിന്റെ ഭാഗമായത്. ചിത്രത്തിൽ തബു അവതരിപ്പിക്കുന്ന പൊലീസ് കഥാപാത്രത്തിന്റെ അടുത്ത സുഹൃത്തായ ഐജി തരുൺ അഹ്ലാവതായാണ് അക്ഷയ് ഖന്ന എത്തിയത്.
















