ആഗോള അയ്യപ്പ സംഗമവുമായി ബന്ധപ്പെട്ട വരവ്- ചെലവ് കണക്കുകളില്‍ വന്‍ പൊരുത്തക്കേടെന്ന് ഹൈക്കോടതി. ടെന്‍ഡര്‍ നടപടികള്‍ പാലിക്കാതെയാണ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് കരാര്‍ നല്‍കിയതെന്ന് കോടതി കുറ്റപ്പെടുത്തി. ദേവസ്വം ബോര്‍ഡില്‍ നിന്നെടുത്ത രണ്ട് കോടി രൂപ തിരിച്ചടച്ചില്ലെന്നും ഹൈക്കോടതി വിമര്‍ശിച്ചു. വിഷയത്തില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് വിശദീകരണം നല്‍കണമെന്നും കോടതി നിര്‍ദേശിച്ചു.
മുന്‍പ് ആഗോള അയ്യപ്പസംഗമം റദ്ദ് ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള പൊതുതാത്പര്യ ഹര്‍ജികള്‍ പരിഗണിക്കവേ കണക്കുകള്‍ കൃത്യമായിരിക്കണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ കോടതിക്ക് മുന്നിലെത്തിയ കണക്കുകളില്‍ വന്‍ പൊരുത്തക്കേടെന്നാണ് കോടതിയുടെ വിമര്‍ശനം. ബില്ലും വാങ്ങിയ സാധനങ്ങളും തമ്മില്‍ പൊരുത്തക്കേടുണ്ടെന്നും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് കരാര്‍ നല്‍കുമ്പോള്‍ ടെന്‍ഡര്‍ നടപടികള്‍ പാലിക്കപ്പെട്ടില്ലെന്നും കോടതി കുറ്റപ്പെടുത്തി.
പരിപാടിക്ക് എത്തിയവര്‍ക്ക് പ്രസാദം നല്‍കിയതിന് കണക്കില്ലെന്നാണ് കോടതിയുടെ മറ്റൊരു വിമര്‍ശനം. 150 കിടക്കകള്‍ വാങ്ങിയതില്‍ 50 എണ്ണം കാണാനില്ല. ദേവസ്വം ബോര്‍ഡില്‍ നിന്നും എടുത്ത രണ്ടു കോടി തിരിച്ചടച്ചില്ല. ക്രമക്കേടുകള്‍ പ്രഥമദൃഷ്ട്യാ ഗുരുതരമായ സാമ്പത്തിക അച്ചടക്കമില്ലായ്മയാണെന്ന് കോടതി നിരീക്ഷിച്ചു. ഓരോന്നിലും ദേവസ്വം ബോര്‍ഡ് വിശദീകരണം നല്‍കണമെന്ന് കോടതി പറഞ്ഞു. ജിഎസ്ടി ഇനത്തിലും പ്രശ്‌നങ്ങളുണ്ടെന്ന് നിരീക്ഷിച്ച കോടതി ഇന്‍പുട്ട് ക്രെഡിറ്റിന് ബോര്‍ഡിന് അര്‍ഹതയുള്ളത് 1.07 കോടിയ്‌ക്കെന്നും റിട്ടേണില്‍ കാണിച്ചിരിക്കുന്നത് 45.76 ലക്ഷം മാത്രമെന്നും ചൂണ്ടിക്കാട്ടി. 61 ലക്ഷത്തോളം രൂപ ബോര്‍ഡിന്റെ ഫണ്ടിലേക്ക് വകയിരുത്തിയിട്ടുണ്ടോ എന്നതില്‍ വ്യക്തതയില്ലെന്നും കോടതി പറഞ്ഞു.
Story Highlights : high court criticism on global ayyappa sangamam income and expenditure
















