ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവും യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപും വൈറ്റ് ഹൗസിൽ കൂടിക്കാഴ്ച നടത്തി. 2025ന്റെ തുടക്കത്തിൽ ട്രംപ് വീണ്ടും അധികാരമേറ്റ ശേഷം ഇരുവരും തമ്മിലുള്ള ആറാമത്തെ കൂടിക്കാഴ്ചയാണിത്. യുഎസ് മുന്നോട്ടുവച്ച ഗാസ വെടിനിർത്തൽ കരാറിന്റെ രണ്ടാം ഘട്ടത്തെക്കുറിച്ചായിരുന്നു പ്രധാന ചർച്ച.
ഗാസയുടെ പുനർനിർമാണം ആരംഭിക്കുന്നതിന് മുൻപ് ഹമാസ് പൂർണമായും ആയുധം താഴെ വയ്ക്കണമെന്ന് നെതന്യാഹു ചർച്ചയിൽ ആവർത്തിച്ചു.
ഗാസയിൽ ഒരു സാങ്കേതിക സമിതിയേയും ഭരണ സമിതിേയയും നിയമിക്കാനാണ് ട്രംപ് ഭരണകൂടം ലക്ഷ്യമിടുന്നത്. ട്രംപിനെ കാണുന്നതിന് മുൻപ് നെതന്യാഹു യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയുമായും കൂടിക്കാഴ്ച നടത്തി.
പശ്ചിമേഷ്യൻ സമാധാനത്തിനായുള്ള സമാധാന സമിതിയിൽ അംഗമായി അദ്ദേഹം ഒപ്പുവച്ചു. ഒക്ടോബറിൽ ആരംഭിച്ച വെടിനിർത്തൽ കരാറിന്റെ ഒന്നാം ഘട്ടം പൂർത്തിയായ പശ്ചാത്തലത്തിലാണ് നെതന്യാഹുവിന്റെ യുഎസ് സന്ദർശനം.
അതേസമയം ഇറാനുമായുള്ള ആണവ ചർച്ചകൾ തുടരണമെന്ന് ബെന്യാമിൻ നെതന്യാഹുവിനോട് ആവശ്യപ്പെട്ടതായി കൂടിക്കാഴ്ചയ്ക്ക് ശേഷം ട്രംപ് ‘ട്രൂത്ത് സോഷ്യലിൽ’ കുറിച്ചു.
















