ലോക്സഭയിൽ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെ കടുത്ത നടപടികളുമായി ഭരണപക്ഷം മുന്നോട്ട്. സഭയെ തെറ്റിദ്ധരിപ്പിച്ചുവെന്നും അടിസ്ഥാനരഹിതമായ പ്രസ്താവനകൾ നടത്തിയെന്നും ആരോപിച്ച് രാഹുലിന്റെ ലോക്സഭാ അംഗത്വം റദ്ദാക്കണമെന്ന പ്രമേയം ബിജെപി എംപി നിഷികാന്ത് ദുബെ സഭയിൽ അവതരിപ്പിച്ചു. രാഹുൽ ഗാന്ധിക്കെതിരെ അവകാശലംഘന നോട്ടീസ് കൊണ്ടുവരുമെന്ന് പാർലമെന്ററി കാര്യമന്ത്രി വ്യക്തമാക്കിയതിന് പിന്നാലെയാണ് നാടകീയമായ ഈ നീക്കങ്ങൾ ഉണ്ടായത്.
രാഹുൽ ഗാന്ധി ദേശവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടുവെന്നും അതിനാൽ അദ്ദേഹത്തെ എംപി സ്ഥാനത്ത് നിന്ന് പുറത്താക്കണമെന്നുമാണ് പ്രമേയത്തിലെ പ്രധാന ആവശ്യം. കൂടാതെ, ഭാവിയിൽ തിരഞ്ഞെടുപ്പുകളിൽ മത്സരിക്കുന്നതിൽ നിന്ന് അദ്ദേഹത്തെ വിലക്കണമെന്നും ബിജെപി ആവശ്യപ്പെടുന്നു. ഫെബ്രുവരി രണ്ടിന് സഭയിൽ നടന്ന ചർച്ചയ്ക്കിടെ സൈനിക മേധാവി ജനറൽ എം.എം. നരവണെയുടെ അപ്രകാശിത ഓർമ്മക്കുറിപ്പുകളെ ഉദ്ധരിച്ച് 2020-ലെ ഇന്ത്യ-ചൈന അതിർത്തി സംഘർഷത്തെക്കുറിച്ച് രാഹുൽ നടത്തിയ പരാമർശങ്ങളാണ് പുതിയ തർക്കങ്ങൾക്ക് ആധാരം.
ബജറ്റ് ചർച്ചകൾക്കിടെ കേന്ദ്ര സർക്കാരിനെതിരെ രാഹുൽ ഗാന്ധി ഉന്നയിച്ച രൂക്ഷമായ വിമർശനങ്ങളും ഭരണപക്ഷത്തെ ചൊടിപ്പിച്ചിട്ടുണ്ട്. ഇന്ത്യ-യുഎസ് വ്യാപാര കരാർ രാജ്യത്തെ മൊത്തമായി അടിയറവ് വെക്കുന്നതാണെന്നും ഗവൺമെന്റ് രാജ്യം വിറ്റുതുലയ്ക്കുകയാണെന്നും അദ്ദേഹം ആരോപിച്ചിരുന്നു. ഈ പ്രസ്താവനകൾ സഭയുടെ അന്തസ്സിനെ ബാധിക്കുന്നതാണെന്നും രാജ്യതാൽപ്പര്യത്തിന് വിരുദ്ധമാണെന്നുമാണ് ബിജെപിയുടെ നിലപാട്.
















