പ്രൊമോഷനിൽ പങ്കെടുക്കാതിരുന്ന നടൻ ബിജു മേനോന് 15 ലക്ഷം പിഴയിട്ട സംഭവത്തിൽ സെൽഫ് ട്രോളുമായി നടൻ ജോജി ജോൺ. എബ്രിഡ് ഷൈനിന്റെ ‘സ്പാ’ എന്ന സിനിമയിസ് പ്രമോഷൻ പരിപാടിക്കിടെ ആയിരുന്നു ജോജി ജോണിന്റെ തമാശ രൂപേണയുള്ള പ്രതികരണം. പ്രൊമോഷന് വരാൻ താല്പര്യമില്ലായിരുന്നുവെന്നും ആകപ്പാടെ ഒരു മാരുതി ആൾട്ടോ കാറെ ഉള്ളൂവെന്നും പിഴ കൊടുക്കാൻ പണമില്ലാത്തത് കൊണ്ടാണ് താൻ വന്നതെന്നും നടൻ പറഞ്ഞു.
ജോജി ജോണിന്റെ വാക്കുകൾ…
“പ്രൊമോഷന് വേണ്ടി നിർമാതാവ് വിളിച്ചപ്പോൾ പോകുന്നില്ലെന്നായിരുന്നു എന്റെ തീരുമാനം. മറ്റൊന്നുമല്ല കുറേ അഭിമുഖങ്ങളൊക്കെ കൊടുത്തു. അപ്പോൾ ഇനി വേണ്ടെന്നൊക്കെ ചിന്തിച്ച് വീട്ടിൽ ഇരിക്കുകയായിരുന്നു. പക്ഷേ എന്റെ ഭാര്യ രാവിലെ പറഞ്ഞു ഇച്ചായ നമുക്ക് പോകണം. കാരണം പോകാത്തതിന്റെ പേരിൽ നിർമാതാവ് 15 ലക്ഷം രൂപ പിഴയിട്ടാൽ നമ്മൾ എവിടെന്നെടുത്തിട്ട് കൊടുക്കും. ആകപ്പാടെ ഒരു മാരുതി ആൾട്ടോ കാറെ ഉള്ളൂ. അത് വിറ്റാൽ അത്രയും തുക കിട്ടുകയും ഇല്ലെന്ന് പറഞ്ഞു. അങ്ങനെ പണമില്ലാത്തതിന്റെ പേരിൽ പ്രൊമോഷന് വന്ന ആളാണ് ഞാൻ”, എന്നായിരുന്നു ജോജി ജോണിന്റെ പ്രതികരണം.
















