ശബരിമല സ്വർണ്ണക്കൊള്ളയിൽ ഇന്നും സന്നിധാനത്ത് എസ്ഐടി പരിശോധന തുടരും. ഇന്നലെ വിദഗ്ധ സംഘത്തിന്റെ സഹായത്തോടെ ശ്രീകോവിലിലെ സ്വർണപ്പാളികൾ ഇളക്കി മാറ്റിയിരുന്നു. ദ്വാരപാലക ശിൽപ്പത്തിലെ പാളികളടക്കം നാല് തൂണുകളിലെ പാളികളാണ് സാമ്പിൾ ശേഖരിക്കുന്നതിനായി ഇളക്കി മാറ്റിയത്.
പാളികൾ സന്നിധാനത്തെ പ്രത്യേകം മുറിയിലേക്ക് മാറ്റിയാണ് സാമ്പിൾ ശേഖരിക്കുന്നത്. സാമ്പിൾ ശാസ്ത്രീയ പരിശോധനയ്ക്കായി ഭാഭാ അറ്റോമിക് റിസർച്ച് സെൻ്ററിലോ മറ്റ് ഏതെങ്കിലും അത്യാധുനിക ലബോറട്ടറിയിലേക്കോ അയക്കും.
കഴിഞ്ഞ നവംബർ 17ന് സന്നിധാനത്ത് നിന്ന് ശേഖരിച്ച സാമ്പിൾ വിഎസ്എസ് സിയിൽ പരിശോധിച്ചിരുന്നെങ്കിലും കാലപ്പഴക്കം കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. ഈ സാഹചര്യത്തിലാണ് വീണ്ടും എസ്ഐടി ഹൈക്കോടതിയുടെ അനുമതിയോടെ സാമ്പിൾ ശേഖരിക്കുന്നത്.
ലീഗൽ മെട്രോളജിയുടെ ഗോൾഡ് അസസ്മെൻ്റ് വിഭാഗവും എസ്ഐടിക്ക് ഒപ്പമുണ്ട്. നഷ്ടപ്പെട്ട സ്വർണത്തിൻ്റെ അളവ്, കാലപ്പഴക്കം എന്നിവയിൽ വ്യക്തത വരുത്തുകയാണ് പരിശോധനയിലൂടെ എസ്ഐടി ലക്ഷ്യമിടുന്നത്. വിശദമായ തെളിവ് ശേഖരണത്തിന് ശേഷം കുറ്റപത്രം സമർപ്പിക്കും.
















