പ്രണയദിനത്തിൽ ബെംഗളൂരുവിലെ നന്ദി ഹിൽസിലേക്ക് ഒരു റൊമാന്റിക് ഡേറ്റ് യാത്ര പ്ലാനിടുകയാണോ നിങ്ങൾ ? എങ്കിൽ വിനോദയാത്ര ഉപേക്ഷിക്കുന്നതാകും നല്ലത്. ഫെബ്രുവരി 14-ന് നന്ദിഹിൽസിലേക്ക് സന്ദർശകർക്ക് പ്രവേശന വിലക്കേർപ്പെടുത്തി അധികൃതർ. അമിതമായ തിരക്കും ജനക്കൂട്ട നിയന്ത്രണവും പൊതു സുരക്ഷാ പ്രശ്നങ്ങളും ചൂണ്ടിക്കാട്ടി ഡെപ്യൂട്ടി കമ്മീഷണർ ജി പ്രഭു ആണ് പ്രവേശനം പൂർണ്ണമായും നിരോധിക്കാൻ നിർദ്ദേശിച്ചത്.
ഫെബ്രുവരി 14-ന് രാവിലെ 6 മണി മുതൽ വൈകീട്ട് 6 മണി വരെയാണ് നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്. ബെംഗളൂരു നഗരത്തിനടുത്തുള്ള ഏറ്റവും പ്രധാനപ്പെട്ട ഹിൽസ്റ്റേഷൻ എന്ന നിലയിൽ പ്രണയദിനത്തിൽ ആയിരക്കണക്കിന് യുവാക്കളും സഞ്ചാരികളും ഇവിടെയെത്താൻ സാധ്യതയുണ്ട്. ഇത് ഗതാഗതക്കുരുക്കിനും സുരക്ഷാ പ്രശ്നങ്ങൾക്കും ഇടയാക്കുമെന്ന് കണ്ടാണ് ചിക്കബല്ലാപുര ജില്ലാ ഭരണകൂടം കർശന നിയന്ത്രണം ഏർപ്പെടുത്തിയത്.
നേരത്തെയും സമാനമായ പ്രത്യേക ദിനങ്ങളിൽ നന്ദിഹിൽസിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു. നഗരത്തിരക്കുകളിൽ നിന്ന് മാറി സൂര്യോദയം കാണാൻ എത്തുന്നവരുടെ പ്രിയപ്പെട്ട ഇടമായ നന്ദിഹിൽസ് പ്രണയദിനത്തിൽ അടച്ചിടുന്നത് സഞ്ചാരികൾക്ക് വലിയ തിരിച്ചടിയാണ്.
















