ഖലിസ്ഥാൻ വിഘടനവാദി നേതാവ് ഗുർപട്‍വന്ത് സിങ് പന്നുവിനെ വധിക്കാൻ ശ്രമിച്ച കേസിൽ ഇന്ത്യൻ പൗരൻ നിഖിൽ ഗുപ്ത കുറ്റം സമ്മതിച്ചു. പന്നുവിനെ വധിക്കാനായി വാടകക്കൊലയാളിയെ ഏർപ്പെടുത്തിയതും ഗൂഢാലോചനയുമടക്കമുള്ള കുറ്റങ്ങൾ ഗുപ്ത സമ്മതിച്ചതായാണ് യുഎസ് അറ്റോർണിയുടെ ഓഫിസ് അറിയിച്ചത്. 40 വർഷം വരെ തടവു ലഭിക്കാവുന്ന കുറ്റങ്ങളാണ്. 2024 ജൂൺ മുതൽ ബ്രൂക്‌ലിനിലെ ജയിലിലുള്ള ഗുപ്ത താൻ നിരപരാധിയാണെന്നാണ് തുടക്കത്തിൽ വാദിച്ചിരുന്നത്. യുഎസ്–കനേഡിയൻ പൗരനായ പന്നുവിനെ വധിക്കാൻ ഇന്ത്യൻ ഉദ്യോഗസ്ഥനുമായി ചേർന്ന് ഗുപ്ത ഗൂഢാലോചന നടത്തിയെന്നാണ് യുഎസ് അധികൃതരുടെ ആരോപണം.
















