ഭാരതത്തിന്റെ സൈനിക ചരിത്രത്തിലെ ഏറ്റവും വേദനനിറഞ്ഞ അധ്യായമായ പുൽവാമ ഭീകരാക്രമണം നടന്നിട്ട് ഇന്ന് ഏഴ് വർഷം തികയുന്നു. പുൽവാമയിലെ ലെതപോറ പ്രദേശത്താണ് 40 സിആർപിഎഫ് ജവാൻമാരുടെ ജീവെനെടുത്തുകൊണ്ട് രാജ്യത്തിൻ്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ഭീകരാക്രമണങ്ങളിലൊന്ന് നടന്നത്.
മലയാളി സൈനികന്‍ വി വി വസന്തകുമാര്‍ ഉള്‍പ്പെടെ നാല്‍പത് സിആര്‍പിഎഫ് സൈനികരുടെ ജീവനെടുത്ത ചാവേര്‍ സ്ഫോടനം ഇന്നും നടുക്കുന്ന ഓര്‍മയാണ്.
പാകിസ്ഥാൻ ആസ്ഥാനമായ ഭീകര സംഘടനയായ ജെയ്‌ഷെ മുഹമ്മദ് ആയിരുന്നു ആക്രമണത്തിന് പിന്നിൽ. ആക്രമണത്തിന് ഇന്ത്യൻ പ്രതിരോധ സേനയും മറുപടി നൽകാൻ തീരുമാനിച്ചതോടെ യുദ്ധ സമാനമായ സാഹചര്യത്തിനാണ് ഇരു രാജ്യങ്ങളും പിന്നീട് സാക്ഷ്യം വഹിച്ചത്.
2019 ഫെബ്രുവരി 14ന് വൈകുന്നേരം 3.30നാണ് രാജ്യത്തെ നടുക്കിയ ആക്രമണം നടന്നത്. 2,547 ജവാന്‍മാരുമായി സിആര്‍പിഎഫിന്റെ സൈനികവാഹനവ്യൂഹം ജമ്മുവില്‍ നിന്ന് ശ്രീനഗറിലേക്കുള്ള യാത്രയില്‍. വാഹനവ്യൂഹം പുല്‍വാമ ജില്ലയിലെ അവന്തിപ്പോരയ്ക്ക് സമീപത്തെത്തി.
സ്ഫോടകവസ്തുക്കള്‍ നിറച്ച വാന്‍ ജെയ്ഷെ മുഹമ്മദ് ഭീകരന്‍ ഈ വാഹനങ്ങളുടെ ഇടയിലേക്ക് ഇടിച്ചുകയറ്റി. ഉഗ്ര സ്ഫോടനമാണ് നടന്നത്. 76-ാം നമ്പര്‍ ബറ്റാലിയന്റെ ബസില്‍ ഉണ്ടായിരുന്ന 40 സൈനികര്‍ക്ക് വീരമൃത്യു സംഭവിച്ചു. പിന്നാലെ വന്ന ബസുകളില്‍ ഉണ്ടായിരുന്ന സൈനികരില്‍ പലര്‍ക്കും ഗുരുതര പരുക്കേറ്റു.
ആക്രമണത്തിന് മറുപടിയായി ഫെബ്രുവരി 26ന് ഇന്ത്യൻ വ്യോമസേന പാകിസ്ഥാനിലെ ബലാക്കോട്ടിൽ ആക്രമണം നടത്തി. ജെയ്‌ഷെ മുഹമ്മദിൻ്റെ ഏറ്റവും വലിയ പരിശീലന ക്യാമ്പ് തകർത്ത ഇന്ത്യന്‍ സൈന്യം ആക്രമണത്തിൻ്റെ മുഖ്യസൂത്രധാരനായ മുഹമ്മദ് ഇസ്മൽ ആൽവി ഉൾപ്പടെയുള്ളവരെ കൊലപ്പെടുത്തി.
2021 ആഗസ്റ്റോടെ വിവിധ ഏറ്റുമുട്ടലുകളിലായി ഏഴ് പ്രധാന ഗൂഢാലോചനക്കാരെയാണ് സുരക്ഷാ സേന വധിച്ചത്. കൂടാതെ ഏഴ് പേരെ അറസ്റ്റും ചെയ്തു. പുല്‍വാമ ആക്രമണം ഇന്ത്യയുടെ സുരക്ഷാ നയങ്ങളില്‍ വലിയ മാറ്റങ്ങള്‍ വരുത്തി. ഭീകരവാദത്തോടുള്ള ഇന്ത്യയുടെ വിട്ടുവീഴ്ചയില്ലാത്ത നിലപാടിന്റെ തുടക്കം കൂടിയായിരുന്നു അത്.
















