ശബരിമലയിൽ നടന്ന അയ്യപ്പ സംഗമം ശുദ്ധമായ ധൂർത്താണെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് കെ. മുരളീധരൻ. പരിപാടിക്കായി 500 കട്ടിലുകൾ വാങ്ങിയെന്ന കണക്കുകളെ പരിഹസിച്ച അദ്ദേഹം, സംഗമത്തിനെത്തിയവർ അവിടെ കിടന്നുറങ്ങാനാണോ പോയതെന്ന് ചോദിച്ചു.
4000 പേർ പങ്കെടുത്ത പരിപാടിയിൽ 8000 പേർ ഭക്ഷണം കഴിച്ചുവെന്ന് പറയുന്നത് എങ്ങനെയാണെന്നും, വിഗ്രഹം സ്വർണ്ണം അല്ലാത്തതുകൊണ്ട് മാത്രമാണ് അത് ബാക്കിയായതെന്നും അദ്ദേഹം പരിഹസിച്ചു.
മന്ത്രി വി.എൻ വാസവനെതിരെ രൂക്ഷമായ വ്യക്തിപരമായ പരാമർശങ്ങൾ നടത്തിയ മുരളീധരൻ, നിയമസഭയെ തെറ്റിദ്ധരിപ്പിച്ചതിന് മന്ത്രിക്കെതിരെ അവകാശലംഘനത്തിന് നോട്ടീസ് നൽകുമെന്നും വ്യക്തമാക്കി.
സർക്കാരിന്റെ നടപടി വീരപ്പനെപ്പോലും തോൽപ്പിക്കുന്ന കൊള്ളയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഈ അഴിമതിയിൽ ഒത്തുതീർപ്പിന് തങ്ങളില്ലെന്നും നിയമസഭയ്ക്കകത്തും പുറത്തും ശക്തമായ പ്രതിഷേധം തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ‘ഞാൻ ഭയന്നോടുന്നവനല്ല’ എന്ന് വ്യക്തമാക്കിയ മുരളീധരൻ, ഏത് വെല്ലുവിളിയെയും നേരിടാൻ തയ്യാറാണെന്ന് പ്രഖ്യാപിച്ചു. അയ്യപ്പ സംഗമ വിവാദത്തിൽ മന്ത്രി വി.എൻ വാസവൻ രാജിവെക്കണമെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ് മുരളീധരനും യു.ഡി.എഫും.
















