ബിഹാറിൽ വൻ വ്യാജ മരുന്നുവേട്ട. പട്നയ്ക്ക് പിന്നാലെ ഗയയിലും അനധികൃത മരുന്നുനിർമ്മാണ ശാല പൊലീസ് കണ്ടെത്തി തകർത്തു. വേദനസംഹാരികൾ എന്ന വ്യാജേന വൻതോതിൽ ലഹരിമരുന്നുകളും ഇവിടെ ഉൽപ്പാദിപ്പിച്ചിരുന്നതായി കണ്ടെത്തി.
ഡൽഹി പൊലീസിലെ ആന്റി-നാർക്കോട്ടിക്സ് ടാസ്‌ക് ഫോഴ്‌സ് നടത്തിയ അന്വേഷണത്തിലാണ് വ്യാജ മരുന്നുനിർമാണശാല കണ്ടെത്തിയത്. ദിവസങ്ങൾക്ക് മുൻപ് ബിഹാർ തലസ്ഥാനമായ പട്നയിലും വ്യാജ മരുന്നുനിർമാണശാല കണ്ടെത്തിയിരുന്നു. ഇവിടെ അറസ്റ്റിലായവരിൽനിന്നും ലഭിച്ച വിവരങ്ങളാണ് ഗയയിലെ ഫാക്ടറി കണ്ടെത്താൻ അന്വേഷണ സംഘത്തെ സഹായിച്ചത്.
ഗയയിൽ നടത്തിയ പരിശോധനയിൽ യാതൊരു ലൈസൻസുമില്ലാതെയാണ് ഫാക്ടറി പ്രവർത്തിച്ചിരുന്നതെന്ന് കണ്ടെത്തി. ഫാക്ടറി നടത്തിപ്പുകാരനായ അരുണിനെ(59) പൊലീസ് അറസ്റ്റു ചെയ്തു. റെയ്ഡിൽ വലിയ അളവിൽ വ്യാജ മരുന്നുകൾ കണ്ടെത്തി. 1,19,800 വ്യാജ സിങ്ക് ഗുളികകൾ, 42,480 വ്യാജ അസിത്രോമൈസിൻ ഗുളികകൾ, 27 കിലോഗ്രാം പാരസെറ്റമോൾ പൗഡർ എന്നിവ പിടികൂടി.
മരുന്നുനിർമാണത്തിനുള്ള ചേരുവകളും പിടിച്ചെടുത്തിട്ടുണ്ട്. വലിയ തോതിലുള്ള ഉൽപ്പാദനത്തിന് സഹായിക്കുന്ന മെഷീനുകളും ഫാക്ടറിയിൽ ഉണ്ടായിരുന്നു. 5 കോടിയിലധികം രൂപ വിലമതിക്കുന്ന ലഹരി പദാർഥങ്ങൾ ഇത്തരത്തിൽ ഫാക്ടറിയിൽ സംസ്കരിച്ചിട്ടുണ്ടെന്ന് കണ്ടെത്തി.
















