സൈബർ പൊലീസിന്‍റെ കസ്റ്റഡിയിലുള്ള അര്‍ജുന്‍ ആയങ്കിയുമായി ഇന്ന് തെളിവെടുപ്പ് നടത്തും. ആയങ്കി ഒളിവില്‍ കഴിഞ്ഞ തളിപ്പറമ്പിൽ എത്തിച്ചാണ് തെളിവെടുക്കുക. ആഭ്യന്തരമന്ത്രിക്ക് എതിരെ സാമൂഹ്യ മാധ്യമങ്ങളിൽ ഭീഷണി മുഴക്കിയ മൊബൈൽ ഫോൺ കണ്ടെത്തുകയാണ് ലക്ഷ്യം. കേസിലെ പ്രധാന തെളിവാണ് മൊബൈല്‍ ഫോണ്‍. സമൂഹമാധ്യമത്തിൽ പോസ്റ്റുകൾ ഇട്ടത് അറസ്റ്റ് ചെയ്തപ്പോള്‍ പിടികൂടിയ ഫോൺ ഉപയോഗിച്ചല്ലെന്ന നിയമനത്തിലാണ് പൊലീസ്. വെള്ളിയാഴ്ച രാവിലെ പതിനൊന്നര വരെയാണ് കസ്റ്റഡി കാലാവധി.
ഇന്നലെ ആയങ്കിയെ മൂന്നു ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടിരുന്നു. തലശ്ശേരി ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയുടേതാണ് നടപടി. അർജുൻ ആയങ്കിയെ കസ്റ്റഡിയിൽ വിടരുതെന്നും വ്യാജ തെളിവുകൾ സൃഷ്ടിക്കാനാണ് പൊലീസിന്റെ ശ്രമമെന്നും പ്രതിഭാഗം അഭിഭാഷകൻ കോടതിയിൽ വാദിച്ചെങ്കിലും ഇത് തള്ളുകയായിരുന്നു.അതേസമയം, അഞ്ച് ദിവസമാണ് പൊലീസ് കസ്റ്റഡി ആവശ്യപ്പെട്ടിരുന്നത്. എന്നാൽ മൂന്ന് ദിവസം മാത്രമാണ് അനുവദിച്ചിരിക്കുന്നത്.
അര്‍ജുന്‍ ആയങ്കിയുടെ വീട്ടില്‍ കണ്ണൂര്‍ സൈബർ പൊലീസ് ഇന്നലെ നടത്തിയ പരിശോധനയില്‍ ലാപ് ടോപ്പ് പിടിച്ചെടുത്തിരുന്നു. ആഭ്യന്തര മന്ത്രിയെ അധിക്ഷേപിച്ചെന്ന കേസിലാണ് അര്‍ജുന്‍ ആയങ്കി ഇപ്പോള്‍ റിമൻഡിൽ കഴിയുന്നത്. അധിക്ഷേപ പരാമര്‍ശം നടത്താൻ ഉപയോഗിച്ച ഡിവൈസാണ് കേസിലെ പ്രധാന തെളിവ്. അത് കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. കണ്ണൂർ സൈബർ പൊലീസ് എസ്എച്ച്ഒ എ. അനൂപിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്.
അർജുൻ ആയങ്കിയുടെ അമ്മയുടെയും സഹോദരൻ അജയ് ആയങ്കിയുടെയും മൊഴിയും പൊലീസ് ഇന്നലെ രേഖപ്പെടുത്തിയിരുന്നു. വീട്ടിൽ ഒരു മണിക്കൂറിലേറെ നീണ്ട പരിശോധനയ്ക്കും ചോദ്യം ചെയ്യലിനും ശേഷമായിരുന്നു പൊലീസ് മടങ്ങിയത്. കേസിൽ നിർണായകമായ ഡിജിറ്റൽ തെളിവുകൾ കണ്ടെത്തുകയാണ് പരിശോധനയുടെ പ്രധാന ലക്ഷ്യം. ആഭ്യന്തര മന്ത്രിയെ അധിക്ഷേപിച്ച് പോസ്റ്റ് ചെയ്തതിന് ഉപയോഗിച്ച ഉപകരണം ഏതാണെന്ന് കണ്ടെത്തുന്നതിനായി പിടിച്ചെടുത്ത ലാപ്ടോപ്പ് ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കും. ലാപ്ടോപ്പിലെ നിലവിലുള്ളതും ഡിലീറ്റ് ചെയ്തതുമായ വിവരങ്ങൾ ഉൾപ്പെടെ പരിശോധിക്കും. അർജുൻ ആയങ്കിയുടെ കൈയിൽനിന്ന് നേരത്തെ ഒരു മൊബൈൽ ഫോൺ പൊലീസ് പിടിച്ചെടുത്തിരുന്നു. എന്നാൽ കേസുമായി ബന്ധപ്പെട്ട പോസ്റ്റുകളും കമന്റുകളും ഒന്നിലധികം ഉപകരണങ്ങളിൽ നിന്നാണ് വന്നതെന്ന സംശയത്തിലാണ് പൊലീസ്.
















