ഇറാനുമായി ഒരു കരാർ ഉണ്ടാക്കാനാണ് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് മുൻഗണന നൽകുന്നതെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ വെളിപ്പെടുത്തി. ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയിയുമായി കൂടിക്കാഴ്ചയ്ക്ക് ട്രംപ് തയാറാണെന്ന സൂചനയും യുഎസ് സ്റ്റേറ്റ് സെക്രട്ടറി നൽകി. ആരെയും കാണാൻ തയാറാണെന്ന് മാർക്കോ റൂബിയോ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. രാഷ്ട്രങ്ങൾ പരസ്പരം ഇടപഴകേണ്ടതുണ്ട് – ആരെയും കാണാൻ തയാറുള്ള ഒരു പ്രസിഡന്റിന്റെ കീഴിലാണ് ഞാൻ പ്രവർത്തിക്കുന്നത്. നാളെ പ്രസിഡന്റ് ട്രംപുമായി കൂടിക്കാഴ്ച നടത്താൻ ആഗ്രഹിക്കുന്നുവെന്ന് ആയത്തുല്ല അലി ഖമനയി പറഞ്ഞാൽ, പ്രസിഡന്റ് അദ്ദേഹത്തെ കാണുമെന്ന് എനിക്ക് ഉറപ്പുണ്ട്- റൂബിയോ പറഞ്ഞു.
അതേസമയം അമേരിക്കയുടെ രണ്ടാമത്തെ വലിയ വിമാനവാഹിനിക്കപ്പൽ ഇറാനെ ലക്ഷ്യമിട്ടു യാത്ര ചെയ്യുന്നതിനെ കുറിച്ച് കൂടുതൽ വിശദീകരിക്കാൻ റൂബിയോ തയാറായില്ല.
















