അന്താരാഷ്ട്ര ക്രിമിനൽ കോടതിക്കെതിരെ (ഐ.സി.സി) കടുത്ത സാമ്പത്തിക ഉപരോധങ്ങളുമായി അമേരിക്ക. ഹേഗ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഐ.സി.സിയിലെ മുൻ ജഡ്ജിയായ നവി പിള്ളയ്ക്ക് ഈ വർഷത്തെ സമാധാനത്തിനുള്ള നൊബേൽ സമ്മാനം പ്രഖ്യാപിച്ചു മണിക്കൂറുകൾക്കകമാണ് ഡൊണാൾഡ് ട്രംപ് ഭരണകൂടത്തിന്റെ ഈ സുപ്രധാന പ്രഖ്യാപനം.
നടപടിയുടെ ഭാഗമായി യുഎസിൻ്റെ പരിധിയിലുള്ള ഐസിസിയുടെ എല്ലാ ആസ്തികളും മരവിപ്പിക്കും. കൂടാതെ, ഐസിസിയുമായി ബിസിനസ് ബന്ധങ്ങളുള്ള യുഎസ് കമ്പനികൾക്കും വ്യക്തികൾക്കും അത് അവസാനിപ്പിക്കാൻ ആറ് മാസത്തെ സമയം അനുവദിച്ചിട്ടുണ്ട്.
അമേരിക്കൻ സൈനികരുടെ സഹായം സ്വീകരിക്കുന്ന സഖ്യരാജ്യങ്ങൾ ഐസിസിയുടെ അധികാരത്തെ തള്ളിക്കളയണമെന്നും അല്ലാത്തപക്ഷം യാത്രാവിലക്ക് അടക്കമുള്ള നിയന്ത്രണങ്ങൾ നേരിടേണ്ടി വരുമെന്നും യുഎസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ഇസ്രായേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു ഉൾപ്പെടെയുള്ളവർക്കെതിരെ ഐസിസി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചതും അഫ്ഗാനിസ്ഥാനിലെ യുഎസ് നടപടികളിൽ അന്വേഷണം നടത്തിയതുമാണ് അമേരിക്കയെ ചൊടിപ്പിച്ചത്.
യുഎസ് ട്രഷറി വകുപ്പ് ആണ് ഐസിസിക്കെതിരെ കടുത്ത നടപടി സ്വീകരിച്ചിരിക്കുന്നത്. ഐസിസി ഒരു തന്നിഷ്ട കോടതി ആണെന്നും അമേരിക്കക്കാരെയും ഇസ്രായേലികളെയും അന്യായമായി ലക്ഷ്യമിടുന്നുവെന്നും യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ ആരോപിച്ചു.
അമേരിക്കൻ പൗരന്മാരെയോ അവരുടെ സഖ്യകക്ഷികളെയോ വിചാരണ ചെയ്യാൻ ഐസിസിയെ അനുവദിക്കില്ലെന്ന് റൂബിയോ വ്യക്തമാക്കി.















