കോട്ടയം ചിങ്ങവനത്തുണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ് മസ്തിഷ്ക മരണം സംഭവിച്ച പത്തുമാസം പ്രായമുള്ള ആലിൻ ഷെറിൻ എബ്രാമിന്റെ സംസ്കാരം ഇന്ന് നടക്കും. കഴിഞ്ഞ ദിവസം തന്നെ കുഞ്ഞിന്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം മല്ലപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ഇന്ന് രാവിലെ മൃതദേഹം ബന്ധുക്കൾക്ക് കൈമാറും.
പത്തനംതിട്ട മല്ലപ്പള്ളി നെടുങ്ങാടപ്പള്ളി സിഎസ്ഐ പള്ളിയിൽ ഉച്ചയ്ക്ക് മൂന്ന് മണിക്ക് ഔദ്യോഗിക ബഹുമതികളോടെയാണ് സംസ്കാര ചടങ്ങുകൾ നിശ്ചയിച്ചിരിക്കുന്നത്. ആലിന്റെ സംസ്കാരം ഔദ്യോഗിക ബഹുമതികളോടെ നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നലെ അറിയിച്ചിരുന്നു
മസ്തിഷ്ക മരണം സംഭവിച്ച കുഞ്ഞിന്റെ അവയവങ്ങൾ ദാനം ചെയ്യാൻ മാതാപിതാക്കളായ അരുൺ അബ്രഹാമും ഷെറിൻ ആൻ ജോണും എടുത്ത തീരുമാനം നാല് കുരുന്നുകൾക്കാണ് പുതുജീവൻ നൽകിയത്. സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ അവയവദാതാവിന് ഗാർഡ് ഓഫ് ഓണർ നൽകിയാണ് കൊച്ചി അമൃത ആശുപത്രിയിൽ നിന്ന് യാത്രയാക്കിയത്.
















