വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥി നിർണയത്തിന് കടുത്ത അച്ചടക്കമുണ്ടാകുമെന്ന മുന്നറിയിപ്പുമായി എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എംപി. സ്വയം സ്ഥാനാർത്ഥികളാകാൻ ശ്രമിക്കുന്നവരെയോ, മാധ്യമങ്ങളിലൂടെ സ്വന്തം പേര് ചർച്ചയാക്കി സീറ്റ് ഉറപ്പിക്കാൻ നോക്കുന്നവരെയോ ഇക്കുറി പരിഗണിക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. കേരള ഗസറ്റഡ് ഓഫീസേഴ്സ് യൂണിയൻ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സ്ഥാനാർത്ഥികളെ തീരുമാനിക്കുന്നത് പാർട്ടിയുടെ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റിയായിരിക്കുമെന്നും, വിജയസാധ്യത മാത്രമായിരിക്കും പ്രധാന മാനദണ്ഡമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. വ്യക്തിപരമായ താത്പര്യങ്ങൾക്കായി മറ്റു നേതാക്കളെ ഇകഴ്ത്തിക്കാട്ടുന്ന പ്രവണത അംഗീകരിക്കാനാവില്ല. സ്ഥാനാർത്ഥിത്വത്തിനായി സ്വന്തം നിലയിൽ നീക്കം നടത്തുന്നവർക്ക് പാർട്ടിയിൽ സ്ഥാനമുണ്ടാകില്ലെന്ന കർശന സന്ദേശമാണ് അദ്ദേഹം നൽകിയത്.
അതേസമയം, സമ്മേളനത്തിൽ പങ്കെടുത്ത വി.ടി. ബൽറാമിനെയും രമ്യ ഹരിദാസിനെയും ‘മുൻ എംഎൽഎ’, ‘മുൻ എംപി’ എന്ന് അഭിസംബോധന ചെയ്ത വേണുഗോപാൽ, ഇരുവരുടെയും പേരിലെ ‘എക്സ്’ (മുൻ) എന്ന പദവി ഉടൻ മാറുമെന്ന് പ്രത്യാശ പ്രകടിപ്പിച്ചു. ഇരുവരും വരാനിരിക്കുന്ന തിരഞ്ഞെടുപ്പിലൂടെ വീണ്ടും സഭയിലെത്തുമെന്ന സൂചന നൽകുന്നതായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ.
















