ചോറ്റാനിക്കരയിൽ പതിനാറുകാരി ആത്മഹത്യ ചെയ്ത സംഭവത്തിൽ വൻ ദുരൂഹതയുണ്ടെന്ന ആരോപണവുമായി കുടുംബം. മകൾക്ക് കൊറിയയിൽ സുഹൃത്തുണ്ടായിരുന്നു എന്ന പ്രചാരണം വിശ്വസിക്കുന്നില്ലെന്നും, നാട്ടിലുള്ള ആരോ മകളെ കെണിയിൽ പെടുത്തിയതാണെന്നും പിതാവ് മഹേഷ് ആരോപിച്ചു. പെൺകുട്ടിയുടെ കൊറിയൻ ഭാഷയോടുള്ള താൽപ്പര്യം ആരെങ്കിലും മുതലെടുത്തതാകാം എന്നാണ് കുടുംബത്തിന്റെ സംശയം.
എട്ടാം ക്ലാസ് മുതൽ മകൾക്ക് കൊറിയൻ ഭാഷയോടും സംസ്‌കാരത്തോടും കടുത്ത താൽപ്പര്യമുണ്ടായിരുന്നുവെന്ന് പിതാവ് പറയുന്നു. ഇതിനായി എല്ലാ സൗകര്യങ്ങളും താൻ തന്നെ ഒരുക്കിക്കൊടുത്തിരുന്നു. എന്നാൽ കൊറിയയിൽ ഉണ്ടെന്ന് പറയുന്ന സുഹൃത്ത് വാഹനാപകടത്തിൽ മരിച്ച വിവരം മകൾ എങ്ങനെ അറിഞ്ഞു എന്നതിൽ വ്യക്തതയില്ല. ഈ വിവരങ്ങൾ മകൾക്ക് നൽകിയത് മറ്റാരോ ആണെന്നാണ് കുടുംബം വിശ്വസിക്കുന്നത്.
പെൺകുട്ടി എഴുതിയതെന്ന് പറയുന്ന ആത്മഹത്യ കുറിപ്പിലെ കാര്യങ്ങൾ വിശ്വസിക്കാൻ സാധിക്കുന്നില്ലെന്ന് പിതാവ് മഹേഷ് പറഞ്ഞു. മകളുടെ സ്വഭാവത്തിലോ രീതികളിലോ സംശയകരമായി ഒന്നും തോന്നിയിരുന്നില്ല. പുറത്തുനിന്നുള്ള ആരോ പെൺകുട്ടിയെ മാനസികമായി സ്വാധീനിച്ചിരുന്നതായി സംശയമുണ്ട്. മകളുടെ മരണത്തിന് പിന്നിലുള്ള യഥാർത്ഥ കാരണങ്ങൾ പുറത്തുകൊണ്ടുവരണമെന്ന് കുടുംബം ആവശ്യപ്പെടുന്നു.
















