മോഷ്ടിച്ച സ്വർണമാല വിഴുങ്ങിയ പ്രതി പാലേമാട് കല്ലൻകുന്നൻ സമീന (35) പൊലീസുകാരെ കബളിപ്പിച്ച് തൊണ്ടിമുതൽ ശുചിമുറിയിൽ ഒഴുക്കി. തൊണ്ടിമുതൽ വീണ്ടെടുക്കാനാകാതെ വന്നതോടെ തെളിവു നശിപ്പിച്ചതിനുള്ള കുറ്റം കൂടി ചുമത്തി പ്രതിയെ നിലമ്പൂർ കോടതി റിമാൻഡ് ചെയ്തു.
കുട്ടിയുടെ കഴുത്തിൽ നിന്ന് 3.5 ഗ്രാം സ്വർണമാല മോഷ്ടിച്ചു വിഴുങ്ങിയ കേസിലെ പ്രതിയെ മാല തിരിച്ചെടുക്കാനായി വ്യാഴാഴ്ചയാണു മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അന്നുമുതൽ പൊലീസുകാരുടെ നിരീക്ഷണത്തിലായിരുന്നു യുവതി.
ശനിയാഴ്ച അർധരാത്രിയോടെ ആശുപത്രിയിലെ ശുചിമുറിയിൽ വിസർജ്യത്തിലൂടെ മാല പുറത്തുവന്നു. കാവൽ നിന്ന 2 വനിതാ സിപിഒമാർക്കു നേരെ വിസർജ്യമെറിയുമെന്നു ഭീഷണിപ്പെടുത്തി അകറ്റിയ ശേഷം സ്വർണമാലയും ഡയപ്പറുമടക്കം സമീന ക്ലോസറ്റിലിട്ടു ഫ്ലഷ് ചെയ്തുകളയുകയായിരുന്നു.
മാല വിസർജ്യത്തിലുണ്ടെന്നു മനസ്സിലാക്കിയാണു തെളിവു നശിപ്പിക്കാനായി ഇങ്ങനെ ചെയ്തത്. തുടർന്ന്, സമീനയുടെ എക്സ്റേ എടുത്തപ്പോൾ, വയറിനകത്തു ലോഹസാധനങ്ങളൊന്നും കണ്ടെത്താൻ കഴിഞ്ഞില്ല. തൊണ്ടിമുതൽ കിട്ടാനുള്ള എല്ലാ സാധ്യതകളും നഷ്ടപ്പെട്ടിരിക്കുകയാണ്.
തെളിവു നശിപ്പിച്ചതിനുള്ള വകുപ്പുകൂടി ചേർത്ത്, നിലമ്പൂർ കോടതിയിൽ ഹാജരാക്കുകയും റിമാൻഡ് ചെയ്തു മഞ്ചേരി ജയിലിലേക്ക് അയയ്ക്കുകയും ചെയ്തു. യുവതിയുടെ വയറ്റിൽ സ്വർണമാലയ്ക്കു പുറമേ ഒരു കമ്മൽ കൂടിയുണ്ടായിരുന്നതായി വെള്ളിയാഴ്ച എക്‌സ്റേയിൽ കണ്ടെത്തിയിരുന്നു
















