മുൻ മന്ത്രി ആന്റണി രാജു പ്രതിയായ തൊണ്ടിമുതൽ തിരുമറി കേസിൽ ശിക്ഷ റദ്ദാക്കണമെന്ന ഹർജിയിൽ തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതി ഇന്ന് ഇടക്കാല ഉത്തരവ് പറയും. കുറ്റക്കാരനാണെന്ന് കണ്ടെത്തിയ വിധിയും ശിക്ഷാവിധിയും റദ്ദാക്കണമെന്നാണ് ആന്‍റണി രാജുവിന്റെ ആവശ്യം.
നെടുമങ്ങാട് കോടതി വിധിച്ച മൂന്ന് വർഷം തടവും പതിനായിരം രൂപ പിഴയും നിയമപരമായി നിലനിൽക്കില്ലെന്നാണ് പ്രതിഭാഗത്തിന്റെ വാദം. എന്നാൽ ശിക്ഷ നിലനിൽക്കുമെന്ന് പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചു.
മജിസ്ട്രേറ്റ് കോടതി ഉത്തരവ് റദ്ദാക്കിയാൽ ആന്‍റണി രാജുവിന് എംഎൽഎയായി തിരികെയെത്താം. അപ്പീൽ തള്ളിയാൽ എംഎൽഎയായി തിരികെ എത്താനാവില്ലയെന്ന് മാത്രമല്ല അടുത്ത തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതും വെല്ലുവിളിയാകും.
അഭിഭാഷകനായിരിക്കെ തൊണ്ടിമുതലായ അടിവസ്ത്രത്തിൽ കൃത്രിമം നടത്തിയ സംഭവത്തിലാണ് ആന്‍റണി രാജുവിനെ നെടുമങ്ങാട് മജിസ്ട്രേറ്റ് കോടതി മൂന്നുവർഷത്തേക്ക് ശിക്ഷിച്ചിരുന്നത്. ഇതോടെ എംഎൽഎ സ്ഥാനത്തുനിന്ന് ആന്‍റണി രാജു അയോഗ്യനാക്കപ്പെടുകയായിരുന്നു.















