സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ ബാലുശ്ശേരിയിൽ നടന്ന പ്രചാരണ ജാഥയിൽ വയോധികൻ പണം നൽകുന്നത് വ്യാജ പിആർ ദൃശ്യങ്ങൾ എന്ന് പുറത്തുവന്നിരിക്കുകയാണ്. ചടങ്ങിൽ മൊയ്തീനെന്നയാൾ ആയിരുന്നു പെൻഷന്‍ പണം പാർട്ടിക്ക് സംഭാവന നൽകിയത്. ഇതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു.
എന്നാൽ സ്വമനസാലെ പോയി പെൻഷൻ പണം നൽകിയതല്ലെന്നും ചിലർ തന്നെ സ്റ്റേജിലേക്ക് കൊണ്ടുപോയി പണം നൽകിച്ച് വീഡിയോ എടുത്തതാണെന്നും മൊയ്തീൻ പറയുന്ന വിഡിയോ പുറത്തുവന്നതോടെ സിപിഎം വെട്ടിലായിരിക്കുകയാണ്.
കഴിഞ്ഞ തിങ്കളാഴ്ച ആയിരുന്നു സംഭവം. കോഴിക്കോട് ബാലുശ്ശേരി മണ്ഡലത്തിൽ സിപിഎമ്മിന്റെ വികസന മുന്നേറ്റ ജാഥ എത്തിയപ്പോൾ ഒരു വയോധികനെത്തി 2000 രൂപ പോക്കറ്റിൽ നിന്നുമെടുത്ത് എംവി ഗോവിന്ദന് നൽകുകയായിരുന്നു. ഗോവിന്ദൻ തിരികെ അത് മൊയ്ദീന്റെ പോക്കറ്റിൽ ഇട്ടുകൊടുക്കുകയും ചെയ്യുന്നത് ദൃശ്യങ്ങളിൽ കാണാം.
എന്നാൽ ‘ നേതാക്കന്‍മാർ പറഞ്ഞു, നിങ്ങളീ പൈസ അയാളുടെ അടുത്ത് കൊടുക്ക്, അയാള് പൈസ തിരിച്ചുതരുമെന്ന്. അതുപോലെ കൊടുത്തു, അയാൾ തിരിച്ചും തന്നു’’– മൊയ്തീന്‍ തുറന്നു പറഞ്ഞുകൊണ്ടുള്ള വീഡിയോ ആണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.
സർക്കാരിൽ നിന്ന് പെൻഷൻ കിട്ടിയ തുകയാണെന്നും യുഡിഎഫ് സർക്കാർ വന്നാൽ പെൻഷൻ ഇനി കിട്ടില്ലെന്നും പറഞ്ഞാണ് മൊയ്തീൻ പണം നൽകിയത്. ഇത്ര ശുദ്ധനായ ആളെ പിആർ ജോലി ഏൽപിക്കണമായിരുന്നോ എന്നാണ് സമൂഹമാധ്യമങ്ങളിലോടെ പുറത്തു വരുന്ന പരിഹാസം.
















