2017 ഫെബ്രുവരി 17 നായിരുന്നു കേരള മനസാക്ഷിയെ ഞെട്ടിച്ച നടിയെ ആക്രമിച്ച സംഭവം അങ്ങേറിയത്. പിന്നാലെ ഇത് വിമൺ ഇൻ സിനിമ കളക്ടീവ് എന്ന സംഘടന രൂപീകരിക്കുന്നതിലേക്കും വഴിയൊരുക്കി. ഇപ്പോഴിതാ അതിജീവിതയെ പിന്തുണച്ചവർക്കും ഐക്യദാർഢ്യം പ്രഖ്യാപിച്ചവർക്കും നന്ദി പറഞ്ഞുകൊണ്ട് മെഴുകുതിരി തെളിച്ചുള്ള കൂട്ടായ്മ സംഘടിപ്പിക്കുകയാണ് വിമൺ ഇൻ സിനിമ കളക്ടീവ്. കോഴിക്കോട്- മാനാഞ്ചിറ ഓപ്പൺ സ്റ്റേജ്, കൊച്ചി-അബ്‌ദുൾ കലാം മാർഗ്, മറൈൻ ഡ്രൈവ് തിരുവനന്തപുരം – മാനവീയം വീഥി എന്നിവിടങ്ങളിൽ ഫെബ്രുവരി 17 വൈകുന്നേരം ആറ് മണിക്കാണ് ഇത് സംഘടിപ്പിക്കുന്നത്. ഫേസ്ബുക്ക് പേജിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് വിമൺ ഇൻ സിനിമ കളക്ടീവ് ഇത് അറിയിച്ചത്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:
2017 ഫെബ്രുവരി 17 ഏറ്റവും ഇരുണ്ട ദിവസമായിരുന്നെങ്കിലും, അതേ ദിവസമായിരുന്നു അവൾ ധൈര്യത്തോടെ തെറ്റ് ചെയ്തവർക്കെതിരെ സംസാരിച്ചത്. അവളുടെ പോരാട്ടത്തിനായി നമ്മൾ ഒരുമിച്ച് നിൽക്കുമെന്ന തീരുമാനത്തോടെയായിരുന്നു #അവൾക്കൊപ്പം എന്ന പ്രസ്ഥാനം പിറന്നത്.
കഴിഞ്ഞ 9 വർഷമായി കേരളത്തിന്റെ സാമൂഹിക പരിവർത്തനത്തിൽ ഒരു ചെറിയ പങ്കു വഹിച്ച ഈ പ്രസ്ഥാനം ഇരയാക്കപ്പെട്ടവരെ അതിജീവിച്ചവരാക്കി മാറ്റുകയാണ്.പിന്തുണയ്ക്കും ഐക്യദാർഢ്യത്തിനും എല്ലാവർക്കും നന്ദി പറഞ്ഞുകൊണ്ട്, WCC അവൾക്കൊപ്പവും, അതിജീവിച്ച എല്ലാവരോടുമോപ്പം നിൽക്കുന്നവരെ, ഈ യാത്രയെ അനുസ്മരിക്കാൻ ക്ഷണിക്കുന്നു. ഇരുട്ടിൻ്റെ മറ നീക്കി നമുക്ക് വെളിച്ചത്തിന്റെ തിരി തെളിക്കാം.
STORY HIGHLIGHT : WCC hold a candle to commemorate #Avalkoppam movement on february 17th in its ninth year
















