കൊച്ചി: ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ നടന്‍ ജയറാം ഇഡിയ്ക്ക് മുന്‍പാകെ ഹാജരായി. രാവിലെ പതിനൊന്ന് മണിയോടെയാണ് ജയറാം ഇഡി ഓഫീസില്‍ എത്തിയത്. തനിക്ക് അറിയാവുന്ന കാര്യങ്ങളെല്ലാം ഇഡിയോട് പറയുമെന്ന് ജയറാം പറഞ്ഞു. നടന്ന സംഭവങ്ങളുടെ സത്യാവസ്ഥ പുറത്തുവരണമെന്നും കുടുങ്ങാനുള്ളവരെല്ലാം കുടുങ്ങട്ടെയെന്നും സത്യം പുറത്തുകൊണ്ടുവരേണ്ടത് തന്റെ കൂടി കടമയാണെന്നും ജയറാം പറഞ്ഞു.
‘ശബരിമലയെന്നത് മലയാളികളെ സംബന്ധിച്ചിടത്തോളം പ്രത്യേകം വികാരമാണ്. ജാതി മതഭേദമന്യേ എല്ലാവരും എത്തുന്ന പുണ്യസ്ഥലമാണ് ശബരിമല. അവിടെ ഇത്തരം തട്ടിപ്പ് നടന്നുണ്ടെങ്കില്‍ അത് വെളിച്ചത്തുകൊണ്ടുവരാന്‍ ഓരോ മലയാളിയും ബാധ്യസ്ഥനാണ്. ആ മലയാളിയുടെ കൂട്ടത്തിലാണ് ഞാനും. കഴിഞ്ഞ 38വര്‍ഷമായി കേരളത്തിനകത്തും പുറത്തുമുള്ള ക്ഷേത്രങ്ങളില്‍ പലതരത്തിലുള്ള പൂജ, ആനയെ നടയ്ക്കിരുത്തല്‍, നടസമര്‍പ്പണം ഇതിനൊക്കെ ആദ്യം ക്ഷണിക്കുന്നത് എന്നെയാണ്. കഴിവതും അതിനൊക്കെ പോകാറുമുണ്ട്. അത്തരത്തിലാണ് ശബരിമലയുമായി ബന്ധപ്പെട്ട ആളുകള്‍ പൂജയ്ക്കായി പലതവണ വിളിച്ചുകൊണ്ടുപോയത്’.
















