മലയാള ചലച്ചിത്ര രംഗത്ത് ചുരുങ്ങിയ കാലം കൊണ്ട് ശ്രദ്ധിക്കപ്പെട്ട നടി നിഷി ഗോവിന്ദ്, തന്റെ നൃത്ത വൈഭവം കൊണ്ടും പ്രേക്ഷകമനസ്സ് കീഴടക്കുന്നു. ‘രുദ്ര’, ‘നിഴൽ തച്ചൻ’ തുടങ്ങിയ സിനിമകളിലൂടെ മികച്ച അഭിനയം കാഴ്ചവെച്ച താരം, താനൊരു മികച്ച നർത്തകി കൂടിയാണെന്ന് തെളിയിച്ചിരിക്കുകയാണ്. ശിവരാത്രി ദിനത്തിൽ താമരശ്ശേരി വെഴുപ്പൂർ ശിവക്ഷേത്രത്തിൽ നിഷി അവതരിപ്പിച്ച ‘ശിവപാദം’ എന്ന നൃത്തശിൽപ്പം ഭക്തിസാന്ദ്രമായ അനുഭവമാണ് കാഴ്ചക്കാർക്ക് സമ്മാനിച്ചത്.
നിഷി ഗോവിന്ദ് തന്നെ സംവിധാനം നിർവ്വഹിച്ചു എന്ന പ്രത്യേകതയും ഈ നൃത്തശിൽപ്പത്തിനുണ്ട്. അഭിനയത്തിന് പുറമെ കലയുടെ മറ്റ് മേഖലകളിലും തനിക്ക് വഴങ്ങുമെന്ന് ഈ പ്രകടനത്തിലൂടെ അവർ സാക്ഷ്യപ്പെടുത്തി. വെഴുപ്പൂർ ക്ഷേത്രമുറ്റത്ത് നടന്ന ഈ കലാവിരുന്ന് കാണാൻ നിരവധി പേരാണ് എത്തിയത്.
നിലവിൽ ദുബായിൽ ജോലി ചെയ്യുന്ന നിഷി, ഈ നൃത്തശിൽപ്പം അവതരിപ്പിക്കാനായി മാത്രമാണ് തന്റെ ജന്മനാടായ താമരശ്ശേരിയിൽ എത്തിയത്. തീക്ഷ്ണമായ ശിവഭക്തിയുള്ള താരം, സ്വന്തം നാട്ടിലെ ക്ഷേത്രത്തിൽ തന്റെ കല സമർപ്പിക്കണമെന്ന ദീർഘകാലത്തെ ആഗ്രഹം ഇതിലൂടെ സഫലമാക്കി. നാട്ടുകാർ ആവേശത്തോടെയും സ്നേഹത്തോടെയുമാണ് താരത്തിന്റെ ഈ കലാസമർപ്പണത്തെ ഏറ്റെടുത്തത്.
’നിഴൽ തച്ചൻ’, ‘രുദ്ര’ എന്നീ ചിത്രങ്ങൾക്ക് ശേഷം മലയാളത്തിൽ നിന്ന് മികച്ച അവസരങ്ങളാണ് നിഷിയെ തേടിയെത്തുന്നത്. ശക്തമായ സ്ത്രീ കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ തയ്യാറെടുക്കുന്ന താരം, വരും കാലങ്ങളിൽ അഭിനയത്തിലും നൃത്തത്തിലും ഒരുപോലെ സജീവമാകാനാണ് ലക്ഷ്യമിടുന്നത്.
















