ബംഗളുരുവിൽ സ്വത്തു തർക്കത്തെ തുടർന്ന് മകൻ അച്ഛനെ ബാറ്റുകൊണ്ട് അടിച്ചു കൊന്നു.ബെംഗളൂരു മെട്രപൊളിറ്റൻ ട്രാൻസ്പോർട്ട് കോർപ്പറേഷനിൽ (BMTC) നിന്ന് വിരമിച്ച ദൂതനഹള്ളി സ്വദേശിയായ മുനികൃഷ്ണപ്പ (71) ആണ് സ്വന്തം മകന്റെ മർദനമേറ്റ് മരിച്ചത്.
കഴിഞ്ഞ ഞായറാഴ്ച രാത്രിയിലാണ് കൊലപാതകത്തിന് ആസ്പദമായ സംഭവം നടന്നത്. അത്താഴം കഴിഞ്ഞ് പതിവുപോലെ നടക്കാനിറങ്ങിയതായിരുന്നു മുനികൃഷ്ണപ്പ. എന്നാൽ, പിതാവിനെ ലക്ഷ്യം വെച്ച് പിന്തുടർന്ന മകൻ മോഹൻകുമാർ (45), കൈവശം കരുതിയിരുന്ന ബേസ്‌ബോൾ ബാറ്റ് ഉപയോഗിച്ച് മുനികൃഷ്ണപ്പയുടെ തലയ്ക്ക് അതിശക്തമായി അടിക്കുകയായിരുന്നു. മാരകമായി പരിക്കേറ്റ മുനികൃഷ്ണപ്പ റോഡിൽ വീണതോടെ പ്രതി സംഭവസ്ഥലത്തുനിന്ന് ഓടിരക്ഷപ്പെട്ടു.
നിലവിളി കേട്ടെത്തിയ നാട്ടുകാരാണ് രക്തത്തിൽ കുളിച്ചുകിടന്ന മുനികൃഷ്ണപ്പയെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത്. വിദഗ്ധ ചികിത്സ നൽകിയെങ്കിലും തലയ്ക്കേറ്റ ആഴത്തിലുള്ള പരിക്ക് മരണകാരണമായി. തിങ്കളാഴ്ച രാത്രിയോടെ ചികിത്സയിലിരിക്കെ അന്തരിച്ചു.
സംഭവത്തിൽ ഇന്ദിരാനഗർ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഒളിവിലുള്ള പ്രതി മോഹൻകുമാറിനായി തിരച്ചിൽ ഊർജിതമാക്കിയതായും എത്രയും വേഗം പിടികൂടുമെന്നും പോലീസ് അറിയിച്ചു.
















