അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ ദിപിന്‍ ഇടവണ്ണയ്‌ക്കെതിരായ ലൈംഗികാതിക്രമ പരാതിയിൽ നടപടി വൈകുന്നതായി ആരോപണം. ലൈംഗിക ആരോപണം നേരിടുന്ന വ്യക്തിക്ക് അടുത്തമാസം ഒന്ന് മുതൽ പുതിയ പോസ്റ്റിങ്ങ് ഓർഡറും എത്തിയതോടെ സർവീസിൽ തന്നെ ഒരുവിഭാഗം എതിർപ്പുമായി രംഗത്തെത്തിക്കഴിഞ്ഞു. 2023-ൽ കണ്ണൂർ പൊന്ന്യം സ്വദേശിയായ യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കതിരൂർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു. ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് വാട്സ്ആപ്പിലൂടെയും സാമൂഹ്യമാധ്യമ അക്കൗണ്ടുകളിലൂടെയും ലൈംഗിക ചുവയുള്ള സന്ദേശങ്ങൾ അയച്ചതായും, ലൈംഗിക താൽപര്യങ്ങൾക്ക് വഴങ്ങണമെന്ന് ആവശ്യപ്പെട്ട് നിരന്തരം ശല്യപ്പെടുത്തിയതായും പരാതിയിൽ ആരോപിക്കുന്നത്..
ഈ കേസിൽ ഡിപിൻ ഇടവണ്ണ നിലവിൽ നിയമനടപടികൾ നേരിടുകയാണ്. അതേസമയം, സർക്കാർ സർവീസിലിരിക്കെ കോച്ചിങ് സെന്ററുകളും പി.എസ്.സി പരിശീലന സ്ഥാപനങ്ങളും നടത്തിയെന്ന ആരോപണവുമായി ബന്ധപ്പെട്ട് വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോയുടെ അന്വേഷണവും അദ്ദേഹത്തിനെതിരെ തുടരുന്നതായാണ് റിപ്പോർട്ടുകൾ. 2025 മെയ് മാസത്തിൽ മുൻ ഗതാഗത കമ്മീഷണറും മുൻ എ.ഡി.ജി.പി യുമായ എസ്. ശ്രീജിത്തിനെതിരെ ഒരു സ്വകാര്യ ടെലിവിഷൻ അഭിമുഖത്തിലും സാമൂഹ്യമാധ്യമങ്ങളിലുമായി അഴിമതി ആരോപണങ്ങൾ ഉന്നയിച്ചതിനെ തുടർന്ന് ഡിപിൻ ഇടവണ്ണ വീണ്ടും വാർത്തകളിൽ ഇടംപിടിച്ചിരുന്നു. ശ്രീജിത്തിനെതിരെ തെളിവുകൾ തന്റെ കൈവശമുണ്ടെന്നും ആവശ്യമെങ്കിൽ പുറത്തുവിടുമെന്നും അദ്ദേഹം അവകാശപ്പെട്ടിരുന്നു.
മോട്ടോർ വാഹന വകുപ്പിലെ മുതിർന്ന ഉദ്യോഗസ്ഥനെതിരെ നടത്തിയ ഈ പരാമർശങ്ങൾ വലിയ വിവാദമായിരുന്നു. ഇതുമായി ബന്ധപ്പെട്ട് സർവീസ് തല അച്ചടക്ക നടപടികൾ സ്വീകരിക്കാനുള്ള നീക്കങ്ങൾ ഉണ്ടായിരുന്നെങ്കിലും, അന്തിമ നടപടികളിൽ ഇതുവരെ വ്യക്തത വന്നിട്ടില്ലെന്നാണ് ലഭിക്കുന്ന വിവരം. തന്നെ തേജോവധം ചെയ്തെന്ന ചൂണ്ടിക്കാട്ടി എ.ഡി.ജി.പി എസ് ശ്രീജിത്ത് കോടതിയെ സമീപിക്കുയും ചെയ്തിരുന്നു. തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഈ കേസ് തുടരുകയാണ്. ഡിപിൻ ഇടവണ്ണയ്‌ക്കെതിരായ ലൈംഗികാതിക്രമ പരാതിയിലും മറ്റ് ആരോപണങ്ങളിലുമുള്ള നടപടികൾ വേഗത്തിലാക്കണമെന്ന ആവശ്യമാണ് വിവിധ ഭാഗങ്ങളിൽ നിന്ന് ഉയരുന്നത്.
















