ജില്ലാ ആശുപത്രിയിൽ പ്രസവ ശസ്ത്രക്രിയയ്ക്കിടെ നവജാതശിശു മരിച്ച സംഭവത്തിൽ ചികിത്സാപ്പിഴവ് ആരോപിച്ച് പ്രതിഷേധം ശക്തമാകുന്നു. സംഭവത്തിൽ ആരോപണവിധേയയായ ഗൈനക്കോളജിസ്റ്റ് ഡോ. ബിന്ദു സുന്ദറിനെ നിർബന്ധിത അവധിയിൽ പ്രവേശിപ്പിച്ചു.
പാലക്കാട് സ്വദേശി നിരഞ്ജനയുടെ കുഞ്ഞ് മരിച്ച സംഭവത്തിൽ ആരോഗ്യവകുപ്പ് മുഖംരക്ഷിക്കാൻ ശ്രമിക്കുകയാണെന്ന് പരക്കെ ആക്ഷേപമുണ്ട്. പ്രതിഷേധം കണക്കിലെടുത്ത് മെഡിക്കൽ കോളേജിൽ നിന്നുള്ള വിദഗ്ധ സംഘം ഇന്ന് ആശുപത്രിയിൽ നേരിട്ടെത്തി അന്വേഷണം നടത്തും.
കഴിഞ്ഞ ദിവസമാണ് പരിശോധനയ്ക്കെത്തിയ ഗർഭിണിയായ നിരഞ്ജനയെ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തത്. പുലർച്ചെ നാല് മണിയോടെ ലേബർ റൂമിലേക്ക് മാറ്റിയെങ്കിലും ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് ശസ്ത്രക്രിയ നടത്തിയത്. കുഞ്ഞിനെ പുറത്തെടുത്തപ്പോൾ മരണം സംഭവിച്ചിരുന്നു. ശ്വാസതടസ്സമാണ് മരണകാരണമെന്നാണ് ആശുപത്രി അധികൃതർ നൽകിയ വിശദീകരണം. എന്നാൽ കൃത്യസമയത്ത് ശസ്ത്രക്രിയ നടത്താത്തതാണ് കുഞ്ഞ് മരിക്കാൻ ഇടയാക്കിയതെന്ന് കുടുംബം ആരോപിക്കുന്നു.
ഡോ. ബിന്ദു സുന്ദറിനെതിരെ മുൻപും പരാതികൾ ലഭിച്ചിട്ടുണ്ടെന്ന് ഡി.എം.ഒ ഡോ. റീന വ്യക്തമാക്കി. വീഴ്ചകൾ ആവർത്തിക്കുന്ന പശ്ചാത്തലത്തിൽ ഇവരെ ഇനി ജില്ലാ ആശുപത്രിയിൽ തിരികെ പ്രവേശിപ്പിക്കില്ലെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. സംഭവത്തിൽ വിവിധ രാഷ്ട്രീയ പാർട്ടി പ്രവർത്തകരും ബന്ധുക്കളും ചേർന്ന് വലിയ പ്രതിഷേധമാണ് ആശുപത്രി പരിസരത്ത് നടത്തിയത്. തുടർന്ന് സ്ഥലത്തെത്തിയ ആർ.ഡി.ഒ ജയകുമാർ വിഷയത്തിൽ നിഷ്പക്ഷമായ അന്വേഷണം ഉറപ്പുനൽകി.
















