റിലയൻസ് ഗ്രൂപ്പ് ചെയർമാൻ അനിൽ അംബാനിക്കെതിരായ 40,000 കോടി രൂപയുടെ പണംതിരിമറിക്കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) അന്വേഷണം ശക്തമാക്കുന്നു. കേസിന്റെ ഭാഗമായി ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് നൽകിയ സമൻസ് അനിൽ അംബാനിയുടെ ഭാര്യ ടീന അംബാനി രണ്ടാം വട്ടവും അവഗണിച്ചു. ഫെബ്രുവരി 17 ചൊവ്വാഴ്ച ഇ.ഡിയുടെ ന്യൂഡൽഹി ആസ്ഥാനത്ത് ഹാജരാകാനായിരുന്നു നിർദ്ദേശം. ഇതിനു മുൻപ് ഫെബ്രുവരി 9-ന് ഹാജരാകാൻ നൽകിയ സമൻസും അവർ ലംഘിച്ചിരുന്നു.
അനിൽ അംബാനിയുടെ നേതൃത്വത്തിലുള്ള റിലയൻസ് പവർ, റിലയൻസ് കമ്മ്യൂണിക്കേഷൻസ് തുടങ്ങിയ മുൻനിര കമ്പനികളുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളാണ് കേന്ദ്ര ഏജൻസി പ്രധാനമായും പരിശോധിക്കുന്നത്. ബാങ്കുകളിൽ നിന്ന് അനധികൃതമായി കോടിക്കണക്കിന് രൂപ വായ്പയെടുക്കുകയും, പിന്നീട് വിവിധ ഗ്രൂപ്പ് കമ്പനികൾ വഴി ഈ തുക വകമാറ്റുകയും ചെയ്തു എന്നാണ് പ്രധാന ആരോപണം. ന്യൂയോർക്കിലെ മാൻഹാട്ടനിൽ ആഡംബര വില്ല വാങ്ങിയതുമായി ബന്ധപ്പെട്ട പണമൊഴുക്കിനെക്കുറിച്ചും ഇ.ഡി ടീന അംബാനിയോട് വിശദീകരണം തേടുന്നുണ്ട്.
അംബാനി കുടുംബത്തിന്റെ വിദേശത്തുള്ള ആസ്തികളെക്കുറിച്ചും നിക്ഷേപങ്ങളെക്കുറിച്ചും വ്യക്തമായ ചിത്രം ലഭിക്കുന്നതിനായി യു.എ.ഇ, യു.എസ്, യുകെ, സിംഗപ്പൂർ എന്നിവിടങ്ങളിൽ നിന്ന് വിവരങ്ങൾ ശേഖരിക്കാൻ ഇ.ഡി നീക്കം തുടങ്ങിക്കഴിഞ്ഞു. കേസിൽ നേരത്തെ അനിൽ അംബാനിയെ ചോദ്യം ചെയ്ത ഇ.ഡി, അദ്ദേഹത്തിന്റെ വിദേശ പണമിടപാടുകളെക്കുറിച്ച് വിശദമായി ചോദിച്ചറിഞ്ഞിരുന്നു.
അന്വേഷണം വൈകുന്നതിനെതിരെ സുപ്രീം കോടതി രൂക്ഷവിമർശനം ഉന്നയിച്ച പശ്ചാത്തലത്തിൽ, പ്രത്യേക അന്വേഷണ സംഘത്തെ (SIT) രൂപീകരിച്ചാണ് ഇ.ഡി മുന്നോട്ട് പോകുന്നത്. കഴിഞ്ഞ വർഷം അനിൽ അംബാനിയുടെ രാജ്യത്തെ 46 ഓഫീസുകളിൽ നടത്തിയ റെയ്ഡുകളിലൂടെ ഏകദേശം 12,000 കോടി രൂപയുടെ ആസ്തികൾ കണ്ടുകെട്ടിയിരുന്നു. 9 ബാങ്കുകൾ അനിൽ അംബാനി ഗ്രൂപ്പിന്റെ ലോൺ അക്കൗണ്ടുകൾ ‘ഫ്രോഡ്’ (തട്ടിപ്പ്) ആയി പ്രഖ്യാപിച്ചിട്ടുള്ളത് കേസിന്റെ ഗൗരവം വർദ്ധിപ്പിക്കുന്നു.
















