ഇൻഡോറിലെ ഒന്നാംവർഷ എം.ബി.എ വിദ്യാർഥിനിയുടെ ക്രൂരമായ കൊലപാതകത്തിന് പിന്നിലെ ചുരുളഴിയുമ്പോൾ പുറത്തുവരുന്നത് മനുഷ്യമനസ്സാക്ഷിയെ മരവിപ്പിക്കുന്ന വിവരങ്ങളാണ്. പ്രണയവും വിശ്വാസവും ചതിയായും പിന്നീട് കൊടും ക്രൂരതയായും മാറിയ ഈ കഥയിൽ, പ്രതി പിയൂഷ് ദംനോതിയ എന്ന യുവാവ് നടത്തിയ കൃത്യങ്ങൾ സാമാന്യ ബുദ്ധിക്ക് നിരക്കാത്തതാണ്. ഒരു പെൺകുട്ടിയുടെ ജീവൻ അപഹരിച്ചുകഴിഞ്ഞും അവസാനിക്കാത്ത പകയും വികൃതമനസ്സും ഈ സംഭവത്തെ സമാനതകളില്ലാത്ത ഒരു ക്രൂരതയാക്കി മാറ്റുന്നു.
ഫെബ്രുവരി 10-നായിരുന്നു ആ കറുത്ത ദിനത്തിന്റെ തുടക്കം. ആധാർ കാർഡിലെ മാറ്റങ്ങൾ വരുത്താനെന്നു പറഞ്ഞു വീട്ടിൽ നിന്നിറങ്ങിയ മകളെ പിതാവ് തന്നെയാണ് കളക്ടറേറ്റിന് മുന്നിൽ കൊണ്ടുവിട്ടത്. എന്നാൽ പിന്നീട് നടന്നത് മറ്റൊരു തിരക്കഥയായിരുന്നു.
പിയൂഷിനൊപ്പം പിറന്നാൾ പാർട്ടിക്ക് പോകുകയാണെന്നും രാത്രി 11-ന് തിരിച്ചെത്തുമെന്നും അവൾ സഹോദരിയെ വിളിച്ചു പറഞ്ഞു. എന്നാൽ ആ രാത്രി അവസാനിച്ചത് സഹോദരിയുടെ ഫോണിലേക്ക് വന്ന ‘അവൾ ഇനി മടങ്ങിവരില്ല, അച്ഛനോട് പറഞ്ഞേക്കൂ’ എന്ന ഭീതിജനകമായ സന്ദേശത്തോടെയായിരുന്നു.
ഒരു ക്ലാസ്മേറ്റിന്റെ വാടകവീട്ടിലേക്ക് യുവതിയെ കൂട്ടിക്കൊണ്ടുപോയ പ്രതി, അവിടെവെച്ച് ലൈംഗികമായി പീഡിപ്പിക്കുകയും അതിന്റെ ദൃശ്യങ്ങൾ മൊബൈലിൽ പകർത്തുകയും ചെയ്തു. അവൾ തന്നിൽ നിന്നും അകലുന്നുവെന്ന സംശയവും പകയുമാണ് പിയൂഷിനെ ഈ കടുംകൈക്ക് പ്രേരിപ്പിച്ചത്.
ക്രൂരമായ ശാരീരിക പീഡനത്തിനൊടുവിൽ, ‘സമ്മാനം നൽകാം’ എന്ന് വിശ്വസിപ്പിച്ച് കൈകാലുകൾ കെട്ടിയിട്ടു. ഒടുവിൽ അവളുടെ ശ്വാസം നിലയ്ക്കുന്നതുവരെ നെഞ്ചിൽ അമർന്നിരുന്ന് മരണം ഉറപ്പാക്കി. മരണം ഉറപ്പാക്കാൻ നെഞ്ചിലേക്ക് കത്തി കുത്തിയിറക്കിയപ്പോൾ ആ ആയുധം പോലും പൊട്ടിപ്പോയിരുന്നു.
കൊലപാതകം നടത്തിയിട്ടും പിയൂഷിന്റെ പക അടങ്ങിയില്ല. പുറത്തുപോയി ബിയർ വാങ്ങിക്കൊണ്ടുവന്ന് മൃതദേഹത്തിന് അരികിലിരുന്ന് മദ്യപിച്ച ഇയാൾ, ജീവനില്ലാത്ത ആ ശരീരത്തോടും ലൈംഗിക വൈകൃതങ്ങളിൽ ഏർപ്പെട്ടു. ഇത്രയും ഭീകരമായ കൃത്യം ചെയ്ത ശേഷം, യുവതിയുടെ ഫോണിൽ നിന്നും പീഡനദൃശ്യങ്ങൾ കോളേജ് വാട്സാപ്പ് ഗ്രൂപ്പുകളിൽ പ്രചരിപ്പിക്കുകയും അവളുടെ വാട്സാപ്പ് സ്റ്റാറ്റസ് ആയി ഇടുകയും ചെയ്തു. തെളിവ് നശിപ്പിക്കാനായി പിന്നീട് ഫോൺ തല്ലിത്തകർത്തു.
കൊലപാതകത്തിന് ശേഷം മുംബൈയിലേക്ക് കടന്ന പ്രതി അവിടെ ദുർമന്ത്രവാദത്തിന്റെ വഴി തേടിയതായാണ് പൊലീസ് പറയുന്നത്. യുവതിയുടെ ആത്മാവിനെ വിളിച്ചുവരുത്താൻ ഇയാൾ ശ്രമിച്ചിരുന്നതായും യൂട്യൂബിൽ ഇതുമായി ബന്ധപ്പെട്ട കാര്യങ്ങൾ തിരഞ്ഞിരുന്നതായും അന്വേഷണസംഘം കണ്ടെത്തി. സിസിടിവി ദൃശ്യങ്ങളും ഡിജിറ്റൽ തെളിവുകളും പിന്തുടർന്ന മുംബൈ പൊലീസ് ഒടുവിൽ ഇയാളെ വലയിലാക്കി. പ്രണയമെന്ന വ്യാജേന ഒരാൾ നടത്തിയ ഈ അരുംകൊല ഒരു കുടുംബത്തിന്റെ സ്വപ്നങ്ങളെയാണ് എന്നെന്നേക്കുമായി തല്ലിക്കെടുത്തിയത്.
















