ആഗോള അയ്യപ്പ സംഗമത്തിനായി തയ്യാറാക്കിയ ഭീമമായ എസ്റ്റിമേറ്റ് തുക വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കെയാണ്, ഇതിനെ ന്യായീകരിച്ച് ട്രിപ്പിൾ ഐസി ദേവസ്വം കമ്മീഷണർക്ക് കത്ത് നൽകിയത്.
പ്രവർത്തനങ്ങളുടെ ഗുണനിലവാരവും വ്യാപ്തിയും കണക്കിലെടുത്താണ് തുക നിശ്ചയിച്ചതെന്നാണ് സ്ഥാപനത്തിന്റെ വാദം. തുക കുറയ്ക്കുന്നതിനെക്കുറിച്ച് ബോർഡ് ആലോചിക്കുമ്പോഴും, നിലവിലെ എസ്റ്റിമേറ്റ് കൃത്യമാണെന്ന നിലപാടിലാണ് ഇവർ.
എസ്റ്റിമേറ്റ് തുകയുമായി ബന്ധപ്പെട്ട് വിവാദങ്ങൾ ഉയർന്ന പശ്ചാത്തലത്തിൽ, ഓഡിറ്റർമാർ തങ്ങളിൽ നിന്ന് ഔദ്യോഗികമായി വിവരങ്ങൾ തേടിയിട്ടില്ലെന്ന് ട്രിപ്പിൾ ഐസി കത്തിൽ ചൂണ്ടിക്കാട്ടുന്നു. തങ്ങളുടെ ഭാഗം കേൾക്കാതെയുള്ള നിഗമനങ്ങളാണ് പുറത്തുവരുന്നതെന്ന സൂചനയാണ് തിങ്കളാഴ്ച നൽകിയ ഈ കത്തിലൂടെ സ്ഥാപനം വ്യക്തമാക്കുന്നത്.
എസ്റ്റിമേറ്റ് തുക അമിതമാണെന്നും അത് കുറയ്ക്കണമെന്ന് ട്രിപ്പിൾ ഐസിയോട് ആവശ്യപ്പെടുമെന്നും ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാർ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
ബോർഡിന്റെ ഈ നിർദ്ദേശത്തിൽ വിട്ടുവീഴ്ചയ്ക്ക് തയ്യാറാകണോ എന്ന കാര്യത്തിൽ കമ്പനി പ്രതിസന്ധിയിലാണ്. തുക കുറയ്ക്കുന്നത് സംബന്ധിച്ച് വരും ദിവസങ്ങളിൽ ബോർഡുമായി കൂടുതൽ ചർച്ചകൾ നടത്താനാണ് ട്രിപ്പിൾ ഐസിയുടെ തീരുമാനം.
















