സിന്ധു നദീജല കരാർ പ്രകാരം ഇന്ത്യയ്ക്ക് അവകാശപ്പെട്ട രവി നദിയിലെ വെള്ളം പൂർണ്ണമായും പ്രയോജനപ്പെടുത്താനുള്ള നിർണ്ണായക നീക്കം അവസാന ഘട്ടത്തിലേക്ക്. ദശകങ്ങളായി പാകിസ്താനിലേക്ക് ഒഴുകിക്കൊണ്ടിരുന്ന അധിക ജലം തടയാൻ ലക്ഷ്യമിട്ടുള്ള ഷാപുർ കണ്ടി ബാരേജ് പദ്ധതി 2026 മാർച്ച് 31-ഓടെ പൂർത്തിയാകുമെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. ഇതോടെ ഇന്ത്യയുടെ ജലവിഹിതം അയൽരാജ്യത്തേക്ക് ഒഴുകുന്നത് പൂർണ്ണമായും നിൽക്കും.
ജമ്മു കശ്മീരിലെ കഠുവ, സാംബ ജില്ലകളിലെ വരൾച്ച ബാധിത പ്രദേശങ്ങൾക്ക് ഈ പദ്ധതി വലിയ ആശ്വാസമാകും. പദ്ധതി യാഥാർത്ഥ്യമാകുന്നതോടെ ജമ്മു കശ്മീരിലെ 32,000 ഹെക്ടറിലധികം കൃഷിഭൂമിയിലേക്ക് പുതിയതായി ജലസേചന സൗകര്യം എത്തും. കൂടാതെ, പഞ്ചാബിലെ 5,000 ഹെക്ടറിലധികം കൃഷിഭൂമിക്ക് കൂടി ഇതിന്റെ ഗുണം ലഭിക്കും. കേന്ദ്ര ജലവിഭവ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് ഇന്ത്യയുടെ കാർഷിക മേഖലയ്ക്ക് വലിയ ഊർജ്ജം നൽകുന്ന നീക്കമാണിത്.
1960-ലെ സിന്ധു നദീജല കരാർ പ്രകാരം രവി, ബിയാസ്, സത്‌ലജ് എന്നീ കിഴക്കൻ നദികളിലെ വെള്ളത്തിന്മേൽ ഇന്ത്യയ്ക്ക് പൂർണ്ണമായ അവകാശമുണ്ട്. എന്നാൽ മതിയായ സംഭരണ സംവിധാനങ്ങളുടെ കുറവ് കാരണം ഇത്രയും കാലം ഭീമമായ അളവിൽ വെള്ളം പാകിസ്താനിലേക്ക് ഒഴുകി നഷ്ടപ്പെടുകയായിരുന്നു. ഈ നഷ്ടം ഒഴിവാക്കി രാജ്യത്തിന്റെ താൽപ്പര്യങ്ങൾക്കായി ജലം വിനിയോഗിക്കുമെന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കി.
ഏതാണ്ട് അഞ്ച് പതിറ്റാണ്ടോളം നീണ്ട അനിശ്ചിതത്വങ്ങൾക്കൊടുവിലാണ് ഈ അണക്കെട്ട് യാഥാർത്ഥ്യമാകുന്നത്. 1979-ൽ വിഭാവനം ചെയ്ത ഈ പദ്ധതിക്ക് 1982-ൽ അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയാണ് തറക്കല്ലിട്ടത്. പഞ്ചാബും ജമ്മു കശ്മീരും തമ്മിലുണ്ടായിരുന്ന ചില തർക്കങ്ങൾ മൂലമാണ് നിർമ്മാണം ഇത്രയും കാലം വൈകിയത്.
















