നെടുമങ്ങാട് ജില്ലാ ആശുപത്രിയില്‍ പ്രസവത്തെ തുടര്‍ന്ന് നവജാത ശിശു മരിച്ച സംഭവത്തില്‍ കണ്‍സള്‍ട്ടന്റ് ഡോക്ടര്‍ ബിന്ദു സുന്ദറിനെ സ്ഥലം മാറ്റി. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിന്റെ നിര്‍ദേശ പ്രകാരം വിശദമായ അന്വേഷണത്തിന് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് എസ്.എ.ടി. ആശുപത്രിയിലെ വിദഗ്ധ ഡോക്ടര്‍മാരുടെ സംഘത്തെ നിയോഗിച്ചിട്ടുണ്ട്. പീഡിയാട്രിക്, ഗൈനക്കോളജി, അനസ്തേഷ്യ വിഭാഗങ്ങളിലെ ഡോക്ടര്‍മാരാണ് സംഘത്തിലുള്ളത്. ഇന്ന് തന്നെ അന്വേഷിച്ച് അടിയന്തരമായി റിപ്പോര്‍ട്ട് നല്‍കാന്‍ നിര്‍ദേശം നല്‍കി. അതേ സമയം, നവജാത ശിശു മരണപ്പെട്ട സംഭവം അതീവ ദുഃഖകരവും വേദനാജനകവുമാണെന്ന് ഡോക്ടര്‍മാരുടെ സംഘഠനയായ കെ.ജി.എം.ഒ.എ.
എന്നാല്‍ ഈ നിര്‍ഭാഗ്യകരമായ സംഭവത്തെ മറയാക്കി ആശുപത്രി സൂപ്രണ്ടിനെയും ജില്ലാ മെഡിക്കല്‍ ഓഫീസറെയും ലക്ഷ്യമിട്ട് നടന്ന അതിക്രമങ്ങളും ആള്‍ക്കൂട്ട വിചാരണയും ജനാധിപത്യ സമൂഹത്തിന് ഒരിക്കലും അംഗീകരിക്കാനാകാത്ത അപകടകരമായ പ്രവണതകളാണ്. ഇതിനെതിരെ കെജിഎംഒഎ തിരുവനന്തപുരം ജില്ലാ ഘടകം ഇന്ന് പ്രതിഷേധ ദിനമായി ആചരിക്കുന്നു. കടുത്ത മാനവവിഭവ ശേഷിക്കുറവും പരിമിതമായ അടിസ്ഥാന സൗകര്യങ്ങളും നിലനില്‍ക്കുന്ന സാഹചര്യത്തിലും പൊതുജനങ്ങള്‍ക്ക് മികച്ച സേവനം നല്‍കാന്‍ അഹോരാത്രം പരിശ്രമിക്കുന്ന ആരോഗ്യ പ്രവര്‍ത്തകരെ, ചികിത്സാ രംഗത്ത് സ്വാഭാവികമായി സംഭവിക്കാവുന്ന സങ്കീര്‍ണതകളുടെ പേരില്‍ കുറ്റവാളികളായി ചിത്രീകരിച്ച് ആക്രമിക്കുകയും പൊതു സമൂഹത്തിനുമുന്നില്‍ അപമാനിക്കുകയും ചെയ്യുന്നത് തീര്‍ത്തും അപലപനീയമാണ്.
ആശുപത്രിയില്‍ അതിക്രമം നടത്തി ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ഡോക്ടര്‍മാരെ ആക്രമിക്കുകയും ചെയ്തവര്‍ക്കെതിരെ ആശുപത്രി സംരക്ഷണ നിയമപ്രകാരം കര്‍ശനമായ നിയമനടപടികള്‍ ഉടന്‍ സ്വീകരിക്കണമെന്ന് കെജിഎംഒഎ ആവശ്യപ്പെടുന്നു. പ്രസ്തുത വിഷയത്തില്‍ ഒരു വിദഗ്ധസമിതി രൂപീകരിച്ച് അടിയന്തരമായി സുതാര്യവും നിഷ്പക്ഷവുമായ അന്വേഷണം നടത്തണമെന്നു സംഘടന ആവശ്യപ്പെടുന്നു. വിദഗ്ധസമിതിയുടെ അന്വേഷണ റിപ്പോര്‍ട്ട് ഇല്ലാതെ വെറും ആരോപണങ്ങളുടെ പേരില്‍ ഡോക്ടര്‍മാര്‍ക്കെതിരായ നടപടികള്‍ യാതൊരു സാഹചര്യത്തിലും ന്യായീകരിക്കാനാവില്ല. ബാഹ്യ സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങി എടുത്തുചാടിയുള്ള നടപടികള്‍ സ്വീകരിക്കുകയാണെങ്കില്‍ ശക്തമായ സമരപരിപാടികളിലേക്ക് നീങ്ങാന്‍ സംഘടന നിര്‍ബന്ധിതമാകുമെന്നും കെജിഎംഒഎ അറിയിച്ചു.
















