വലിയ വിവാദങ്ങൾക്ക് വഴിതുറന്ന ‘സേവ് ബോക്സ്’ ബിഡിങ് ആപ്പ് തട്ടിപ്പ് കേസിൽ പ്രശസ്ത മലയാള ചലച്ചിത്ര താരം ജയസൂര്യക്കെതിരെ കർശന നടപടിയുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി). നടന്റെയും കുടുംബത്തിന്റെയും 39 ലക്ഷം രൂപയുടെ സ്വത്തുക്കളാണ് അന്വേഷണ ഏജൻസി ഇപ്പോൾ കണ്ടുകെട്ടിയിരിക്കുന്നത്. കേസിൽ പ്രതി ചേർക്കപ്പെട്ട താരത്തെ നേരത്തെ തന്നെ ഇഡി വിശദമായി ചോദ്യം ചെയ്തിരുന്നു.
സേവ് ബോക്സ് ആപ്പിന്റെ മുഖ്യ പ്രചാരകനും ബ്രാൻഡ് അംബാസഡറുമായിരുന്നു ജയസൂര്യ.തട്ടിപ്പിന്റെ ഭാഗമായി ജയസൂര്യയുടെയും ഭാര്യ സരിതയുടെയും ബാങ്ക് അക്കൗണ്ടുകളിലേക്ക് ഏകദേശം ഒരു കോടിയോളം രൂപ എത്തിയതായി ഇഡി പ്രാഥമികമായി കണ്ടെത്തിയിട്ടുണ്ട്. ഈ തുക തട്ടിപ്പിലൂടെ സമ്പാദിച്ച കള്ളപ്പണമാണെന്നാണ് കേന്ദ്ര ഏജൻസിയുടെ നിഗമനം. എന്നാൽ, ബ്രാൻഡ് അംബാസഡർ എന്ന നിലയിലുള്ള തന്റെ കരാർ തുകയാണ് ഇതെന്നാണ് ജയസൂര്യയുടെ വാദം
കേസുമായി ബന്ധപ്പെട്ട് കൊച്ചിയിലെ ഇഡി ഓഫീസിൽ രണ്ടുതവണ ജയസൂര്യയെ ഹാജരാക്കി മൊഴിയെടുത്തിരുന്നു. ആപ്പുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളെക്കുറിച്ചും കരാറുകളെക്കുറിച്ചും വിശദമായ വിവരങ്ങളാണ് ഏജൻസി തേടിയത്. തൃശൂർ സ്വദേശിയായ സ്വാതിക് റഹീം മുഖ്യപ്രതിയായ ഈ കേസിൽ നൂറുകണക്കിന് ആളുകളിൽ നിന്നായി കോടിക്കണക്കിന് രൂപ തട്ടിയെടുത്തതായാണ് പരാതി.
















