നടൻ നിവിൻ പോളിയെ കേന്ദ്ര കഥാപാത്രമാക്കി ഒരുക്കുന്ന ‘പ്രതിഛായ’ എന്ന ചിത്രത്തിന്റെ ട്രെയിലർ ലോഞ്ച് വേദിയിൽ വെച്ച് നടന്ന രസകരമായ ഒരു വാക്പോരാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്. മലയാള സിനിമയിലെ സംഘടനാനേതാവ് കൂടിയായ സംവിധായകൻ ബി. ഉണ്ണികൃഷ്ണനെ നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫൻ വേദിയിലിരുത്തി ട്രോളിയതാണ് വൈറലായത്.
ലിസ്റ്റിൻ സ്റ്റീഫന്റെ വാക്കുകൾ
‘‘സാധാരണ സംവിധായകർക്ക് സംവിധാനം ചെയ്യുന്ന കാര്യം മാത്രം ഫോക്കസ് ചെയ്താൽ മതി. പക്ഷേ ഉണ്ണിയേട്ടനെ സംബന്ധിച്ച് പല പല ആളുകളെ ബാൻ ചെയ്യുന്നതിന് ഇടയ്ക്ക് വേണം ഒരു സിനിമ സംവിധാനം ചെയ്യാൻ. ഒരുപാട് ടാസ്കുകൾ ചെയ്യുന്നതിനോടൊപ്പമാണ് ഉണ്ണിയേട്ടൻ സിനിമകൾ ചെയ്യുന്നത്.’’
സിനിമാ സംഘടനകളുടെ തലപ്പത്തിരുന്ന് ബി. ഉണ്ണികൃഷ്ണൻ എടുക്കുന്ന തീരുമാനങ്ങളെയും സിനിമാ മേഖലയിലെ വിവാദങ്ങളെയും മുൻനിർത്തിയായിരുന്നു ലിസ്റ്റിന്റെ ഈ പരാമർശം. ലിസ്റ്റിന്റെ വാക്കുകൾ സദസ്സിൽ വലിയ ചിരി പടർത്തി.
ലിസ്റ്റിന്റെ പ്രസംഗത്തിന് തൊട്ടുപിന്നാലെ മൈക്കിന് മുന്നിലെത്തിയ ബി. ഉണ്ണികൃഷ്ണൻ രസകരമായ മറുപടിയുമായി രംഗത്തെത്തി. ‘‘ഇന്ന് ഇത്തിരി മാന്യത കാണിക്കണമെന്ന് ഞാൻ ലിസ്റ്റിനോട് പറഞ്ഞിരുന്നു, പക്ഷേ എത്ര നിയന്ത്രിച്ചാലും ഉള്ളിലുള്ളത് പുറത്തു വരുന്നതുകൊണ്ട് നമുക്ക് ഒന്നും ചെയ്യാൻ കഴിയില്ല.’’
ലിസ്റ്റിന്റെ സ്വതസിദ്ധമായ ശൈലിയെക്കുറിച്ചുള്ള ഉണ്ണികൃഷ്ണന്റെ ഈ മറുപടിയും സോഷ്യൽ മീഡിയയിൽ വൈറലാണ്. ‘ചോദിച്ചു വാങ്ങിയ ട്രോൾ’ എന്ന രീതിയിലാണ് വിഡിയോയ്ക്ക് താഴെ ആരാധകർ കമന്റ് ചെയ്യുന്നത്.
നിവിൻ പോളിയെ നായകനാക്കി ബി. ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘പ്രതിഛായ’. നിവിൻ പോളി ഒരു കരുത്തുറ്റ വേഷത്തിൽ എത്തുന്ന ഈ ചിത്രം ഒരു പൊളിറ്റിക്കൽ ത്രില്ലറാണെന്ന സൂചനയാണ് ട്രെയിലർ നൽകുന്നത്. ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമ്മിക്കുന്ന ഈ ചിത്രത്തിൽ ഷറഫുദ്ദീൻ, ബാലചന്ദ്രമേനോൻ, ആൻ അഗസ്റ്റിൻ തുടങ്ങിയ വലിയ താരനിര തന്നെ അണിനിരക്കുന്നുണ്ട്.
















