മോഹൻലാലിനേയും ആന്റണി പെരുമ്പാവൂരിനേയും കുറിച്ച് നിർമാതാവ് ഗോകുലം ഗോപാലൻ പറഞ്ഞ വാക്കുകൾ ആണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. നടൻ മോഹൻലാലും നിർമ്മാതാവ് ആന്റണി പെരുമ്പാവൂരും തമ്മിലുള്ള ബന്ധത്തെ ‘ആനയും പാപ്പാനും’ തമ്മിലുള്ള ബന്ധത്തോടാണ് ഗോകുലം ഗോപാലൻ ഉപമിച്ചത്.
‘‘മോഹൻലാലിനൊപ്പം ഒരാളുണ്ട്. ആന്റണി. അദ്ദേഹം ഒരു ആനപ്പാപ്പാനാണ്. ആനയെ തെളിക്കണമെങ്കിൽ പാപ്പാന് മാത്രമേ സാധിക്കൂ. അടുത്ത് വേറെയാർക്കും പോകാൻ സാധിക്കൂ. എന്നെ സംബന്ധിച്ച് ഇരുവരും തമ്മിൽ ആനയും പാപ്പാനും തമ്മിലുള്ള ബന്ധമാണ്. വലിയ ഐക്യമാണ്. ആ ബന്ധം എന്നും നിലനിൽക്കട്ടെ. അതിൽ നിന്ന് പല കാര്യങ്ങളും നമുക്ക് ലഭിക്കാനുണ്ടെന്നാണ് ഞാൻ വിശ്വസിക്കുന്നത്.’’– ഗോകുലം ഗോപാലൻ പറഞ്ഞു.
മോഹൻലാൽ എന്ന നടന്റെ പ്രതിഭയെ വാനോളം പുകഴ്ത്താനും അദ്ദേഹം മറന്നില്ല. ലാൽ ഒരു അമാനുഷിക ശക്തിയാണെന്നും സൂര്യഭഗവാനെപ്പോലെ തിളങ്ങുന്ന വ്യക്തിത്വമാണെന്നും അദ്ദേഹം വിശേഷിപ്പിച്ചു.
‘‘മോഹൻലാൽ ഒരു അദ്ഭുതമാണ്. അദ്ദേഹത്തെ സാധാരണ മനുഷ്യഗണത്തിൽ പെടുത്താൻ കഴിയില്ല. പത്തുനാൽപ്പത് വർഷങ്ങൾക്ക് മുമ്പ് മദ്രാസിൽ വെച്ചാണ് ഞാൻ അദ്ദേഹത്തെ ആദ്യം കാണുന്നത്. അദ്ദേഹത്തിന്റെ ഭാര്യാപിതാവ് ബാലാജി എന്റെ സുഹൃത്തായിരുന്നു. മോഹൻലാൽ എന്ന കലാകാരൻ ലോകം അറിയപ്പെടുന്ന വലിയ നിലയിൽ എത്തുമെന്ന് അന്ന് തന്നെ എനിക്ക് തോന്നിയിരുന്നു,’’ ഗോകുലം ഗോപാലൻ പറയുന്നു.
ബി. ഉണ്ണികൃഷ്ണൻ നിവിൻ പോളി കൂട്ടുകെട്ടിലൊരുങ്ങുന്ന ‘പ്രതിഛായ’ എന്ന ചിത്രത്തിന്റെ ട്രെയിലർ ലോഞ്ചിനെത്തിയ ഗോകുലം ഗോപാലന്റെ ഈ പ്രസംഗം സിനിമാ പ്രേമികൾക്കിടയിൽ വലിയ ചർച്ചയായിട്ടുണ്ട്. നിവിൻ പോളിയുടെ അഭിനയജീവിതത്തിലെ മികച്ച വേഷങ്ങളിൽ ഒന്നായിരിക്കും ഇതെന്ന് സിനിമാ പ്രേമികൾ പ്രതീക്ഷിക്കുന്നു. ബി. ഉണ്ണികൃഷ്ണന്റെ സംവിധാന ശൈലിയും നിവിൻ പോളിയുടെ സ്ക്രീൻ പ്രസൻസും ഒത്തുചേരുന്ന ഈ ചിത്രം മലയാള സിനിമയിലെ ഈ വർഷത്തെ ശ്രദ്ധേയമായ റിലീസുകളിൽ ഒന്നായിരിക്കും.
















