അഫ്ഗാനിസ്ഥാനിലെ സ്ത്രീകളുടെയും കുട്ടികളുടെയും അവകാശങ്ങൾ പൂർണ്ണമായും കവർന്നെടുക്കുന്ന പുതിയ ക്രൂരനിയമങ്ങൾ ഔദ്യോഗികമായി പ്രഖ്യാപിച്ച് താലിബാൻ ഭരണകൂടം. ഭാര്യയെയും മക്കളെയും ശാരീരികമായി ശിക്ഷിക്കാനുള്ള അധികാരം പുരുഷന് നിയമപരമായി നൽകുന്ന 90 പേജുള്ള പുതിയ ക്രിമിനൽ നിയമസംഹിതയാണ് താലിബാൻ പരമോന്നത നേതാവ് ഹിബത്തുള്ള അഖുൻസദ പുറത്തിറക്കിയത്. 2009-ൽ യുഎസ് പിന്തുണയുള്ള ഭരണകൂടം കൊണ്ടുവന്ന സ്ത്രീസംരക്ഷണ നിയമങ്ങൾ പൂർണ്ണമായും റദ്ദാക്കിക്കൊണ്ടാണ് ഈ നീക്കം.
പുതിയ നിയമപ്രകാരം, അതിക്രൂരമായ മർദ്ദനമേറ്റ് അസ്ഥികൾ ഒടിയുകയോ ചർമ്മം പിളർന്ന് വലിയ മുറിവുകൾ ഉണ്ടാവുകയോ ചെയ്യാത്ത പക്ഷം ഭർത്താവിനെതിരെ പരാതി നൽകാൻ ഭാര്യയ്ക്ക് കഴിയില്ല. ഇത്തരം ഗുരുതര പരിക്കുകൾ ഉണ്ടെങ്കിൽ തന്നെ കോടതിയിൽ അത് തെളിയിക്കാൻ കടുത്ത നിബന്ധനകളാണ് വെച്ചിരിക്കുന്നത്. ശരീരം പൂർണ്ണമായും മറച്ചുകൊണ്ട് തന്നെ പരിക്കുകൾ കോടതിയിൽ പ്രദർശിപ്പിക്കണം. കൂടാതെ, പരാതി നൽകാൻ എത്തുമ്പോൾ പരാതിക്കാരിയോടൊപ്പം ഭർത്താവോ മറ്റൊരു പുരുഷ സംരക്ഷകനോ നിർബന്ധമായും ഉണ്ടായിരിക്കണം. കുറ്റം തെളിയിക്കപ്പെട്ടാൽ പോലും ഭർത്താവിന് ലഭിക്കുന്ന പരമാവധി ശിക്ഷ വെറും 15 ദിവസത്തെ തടവ് മാത്രമാണ്.
സ്ത്രീകളുടെ സ്വയംഭരണാധികാരം പൂർണ്ണമായും ഇല്ലാതാക്കുന്നതാണ് നിയമത്തിലെ മറ്റ് വകുപ്പുകൾ. ഭർത്താവിന്റെ അനുമതിയില്ലാതെ സ്വന്തം ബന്ധുക്കളെ സന്ദർശിക്കുന്ന സ്ത്രീയ്ക്ക് മൂന്നുമാസം വരെ തടവ് ശിക്ഷ ലഭിക്കാം. പ്രായപൂർത്തിയാകാത്ത കുട്ടികളെ (10 വയസ്സ് മുതൽ) പ്രാർത്ഥനയിൽ വീഴ്ച വരുത്തിയാൽ ശാരീരികമായി ശിക്ഷിക്കാൻ പിതാവിന് അധികാരം നൽകുന്ന വകുപ്പുകളും ഇതിലുണ്ട്.
















