നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ സിസേറിയന് പിന്നാലെ നവജാതശിശു മരിച്ച സംഭവത്തിൽ മെഡിക്കൽ കോളജ് വിദഗ്ധ സംഘം തയ്യാറാക്കിയ അന്വേഷണ റിപ്പോർട്ട് ഇന്ന് ആരോഗ്യവകുപ്പ് സെക്രട്ടറിക്ക് കൈമാറും. തിരുവനന്തപുരം മെഡിക്കൽ കോളജിലെ ഗൈനക്കോളജി, പീഡിയാട്രിക്സ്, അനസ്തീഷ്യ വിഭാഗങ്ങളിലെ വിദഗ്ധരടങ്ങിയ മൂന്നംഗ സംഘമാണ് കേസിൽ വിശദമായ പരിശോധന നടത്തിയത്.
കഴിഞ്ഞ ദിവസം തന്നെ അന്വേഷണ റിപ്പോർട്ട് സീൽ ചെയ്ത കവറിൽ മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർക്ക് (DME) സംഘം സമർപ്പിച്ചിരുന്നു. ചികിത്സാ നടപടികളിൽ വീഴ്ചയുണ്ടായോ, ശസ്ത്രക്രിയ വൈകിയോ തുടങ്ങിയ കാര്യങ്ങളാണ് പ്രധാനമായും പരിശോധിച്ചത്.
റിപ്പോർട്ടിലെ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിലായിരിക്കും കുറ്റാരോപിതർക്കെതിരെ ആരോഗ്യവകുപ്പ് സ്വീകരിക്കുന്ന തുടർനടപടികൾ. നിലവിൽ സംഭവത്തിൽ വിശദമായ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് കൂടി പുറത്തുവരാനുണ്ട്.
















