മുംബൈയിൽ വീഡിയോ കോളിൽ ഉറക്കെ സംസാരിച്ചതിനെ ചൊല്ലി ഉണ്ടായ തർക്കത്തിൽ സുഹൃത്ത് യുവാവിനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി. ദക്ഷിണ മുംബൈയിലെ വിപുൽ കംറോത്തി കർമാകർ (39) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ സുഹൃത്തായ യുവാവ് ഇബ്രാഹിം കാലു ഷെയ്ഖിനെ (19) പോലീസ് അറസ്റ്റ് ചെയ്തു.
കഴിഞ്ഞ ദിവസമാണ് സംഭവം നടക്കുന്നത്. ഇരുവരും മസ്ജിദ് ബന്ദറിലെ ക്ലൈവ് റോഡിലുള്ള ക്ഷേത്രത്തിനു സമീപമാണ് താമസം. സംഭവദിവസം വിപുൽ ഒരു പെൺകുട്ടിയുമായി വീഡിയോ കോൾ ചെയ്തു കൊണ്ടിരിക്കുകയായിരുന്നു. ഉറക്കെയായിരുന്നു ഇയാൾ സംസാരിച്ചുകൊണ്ടിരുന്നത്. ഇതിൽ പ്രകോപിതനായ ഇബ്രാഹിം വിപുലമായി തർക്കത്തിൽ ആവുകയും തുടർന്ന് വിപുലിന്റെ തല പലതവണ നടപ്പാതയിൽ ശക്തമായി ഇടിപ്പിക്കുകയും ചെയ്തു.
നാട്ടുകാർ ഓടിയെത്തിയപ്പോഴേക്കും ഇബ്രാഹിം സ്ഥലത്തുനിന്ന് രക്ഷപ്പെട്ടിരുന്നു. ഉടൻതന്നെ വിപുലിനെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പോലിസ് ഇബ്രാഹിമിനെ അറസ്റ്റ് ചെയ്തു കൂടുതൽ വിവരങ്ങൾ അന്വേഷിച്ചു വരികയാണ്.
















