സൂപ്പർ താരം യഷ് നായകനാകുന്ന ‘ടോക്‌സിക്: എ ഫെയറി ടെയിൽ ഫോർ ഗ്രോൺ-അപ്പ്സ്’ എന്ന ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങി. വയലൻസും ചോരക്കളിയും നിറഞ്ഞ ടീസറിന് പ്രേക്ഷകർക്കിടയിൽ ഗംഭീര വരവേൽപ്പാണ് ലഭിക്കുന്നത്. നേരത്തെ ചിത്രത്തിന് ഉണ്ടായ നെഗറ്റീവുകളെ കാറ്റിൽ പറത്തി കൊണ്ടാണ് ഇത്തവണ യഷിന്റെ വരവ്.
ഗീതു മോഹൻദാസാണ് ചിത്രം സംവിധാനം ചെയ്യുന്നത്. രായ എന്ന വേഷത്തിലാണ് യഷ് എത്തുന്നത്. കിയാര അദ്വാനി, ഹുമ ഖുറേഷി, നയൻതാര , താരാ സുതാരിയ, രുക്മിണി വസന്ത് എന്നിവരാണ് നായികമാർ. സുദേവ് നായരും പ്രധാനവേഷത്തിലുണ്ട്. യഷും ഗീതു മോഹൻദാസും ചേർന്ന് തിരക്കഥയെഴുതുന്ന ചിത്രം കന്നഡയിലും ഇംഗ്ലീഷിലുമായാണ് ഒരേസമയം ചിത്രീകരിച്ചത്. മലയാളം, ഹിന്ദി, തെലുങ്ക്, തമിഴ് തുടങ്ങി നിരവധി ഭാഷകളിൽ സിനിമ മൊഴിമാറ്റി എത്തും.
മികച്ച സാങ്കേതിക പ്രവർത്തകരാണ് ചിത്രത്തിന് പിന്നിലുള്ളത്. ദേശീയ അവാർഡ് ജേതാവ് രാജീവ് രവി ക്യാമറയും, രവി ബസ്രുർ സംഗീതവും നിർവഹിക്കുന്നു. ഉജ്വൽ കുൽക്കർണിയാണ് എഡിറ്റർ. ഹോളിവുഡ് ആക്ഷൻ ഡയറക്ടർ ജെ.ജെ. പെറി, ദേശീയ അവാർഡ് ജേതാക്കളായ അൻപറിവ്, കെച്ച എന്നിവർ ചേർന്നാണ് സംഘട്ടനം ഒരുക്കുന്നത്. ടി.പി ആബിദാണ് പ്രൊഡക്ഷൻ ഡിസൈൻ.
കെ.വി.എൻ പ്രൊഡക്ഷൻസിന്റെയും മോൺസ്റ്റർ മൈൻഡ് ക്രിയേഷൻസിന്റെയും ബാനറിൽ വെങ്കട്ട് കെ. നാരായണനും യഷും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. 2026 മാർച്ച് 19-ന് ഈദ്, ഉഗാദി പ്രമാണിച്ച് ചിത്രം ലോകമെമ്പാടും തീയേറ്ററുകളിൽ എത്തും.
















