കേരളത്തെ താഴ്ത്തി കെട്ടാനാണ് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ശ്രമിക്കുന്നതെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ. സംസ്ഥാന ഖജനാവിൽ പൂച്ച പെറ്റു കിടക്കുകയാണെന്ന പ്രതിപക്ഷ നേതാവിന്റെ പരിഹാസത്തിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം.
സതീശൻ അയച്ച പൂച്ചകൾ ഭാഗ്യം ചെയ്തവരാണെന്നും, രണ്ട് ലക്ഷം കോടി രൂപയുടെ ബിസിനസ് നടക്കുന്ന ഇടത്തേക്ക് അവയ്ക്ക് എത്താൻ കഴിഞ്ഞല്ലോ എന്നും മന്ത്രി പരിഹസിച്ചു. കൊട്ടാരക്കരയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബജറ്റ് ചർച്ചകളിൽ നിന്ന് പ്രതിപക്ഷം വിട്ടുനിന്നതിനെ മന്ത്രി ശക്തമായി വിമർശിച്ചു. എല്ലാ മേഖലകൾക്കും അർഹമായ പരിഗണന നൽകുന്ന ബജറ്റാണ് അവതരിപ്പിച്ചത്.
തൊഴിലുറപ്പ് പദ്ധതിയുടെ സംരക്ഷണത്തിനായി ആയിരം കോടി രൂപയാണ് സർക്കാർ അനുവദിച്ചിരിക്കുന്നത്. മുൻപ് ഒരിക്കലും ഇത്രയും വലിയ തുക ഈ മേഖലയ്ക്കായി മാറ്റിവെച്ചിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കേന്ദ്ര സർക്കാർ വർഷാവർഷം അയ്യായിരം കോടിയോളം രൂപ വെട്ടിക്കുറയ്ക്കുന്ന സാഹചര്യത്തിലും കേരളത്തിന്റെ സാമ്പത്തിക നില മെച്ചപ്പെട്ടതായാണ് വിവിധ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
















