കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റും സി.പി.എം നേതാവുമായ പി.പി. ദിവ്യക്കെതിരായ ബെനാമി ഇടപാട് പരാതികളിൽ വിജിലൻസ് അന്വേഷണം ആവശ്യമില്ലെന്ന് സംസ്ഥാന സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. വിവിധ കരാറുകളിൽ ദിവ്യ നേരിട്ട് ഇടപെട്ടതിന് തെളിവുകളില്ലെന്നാണ് സർക്കാർ നിലപാട്. കെ.എസ്.യു നേതാവ് മുഹമ്മദ് ഷമ്മാസ് നൽകിയ ഹർജി പരിഗണിക്കവെയാണ് സർക്കാർ ഹൈക്കോടതിയിൽ നിലപാട് വ്യക്തമാക്കിയത്.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരിക്കെ പി.പി. ദിവ്യ ബെനാമി ഇടപാടുകൾ നടത്തിയെന്നായിരുന്നു പരാതിക്കാരന്റെ ആരോപണം. എന്നാൽ, പദ്ധതികളുടെ നടത്തിപ്പുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളിൽ മാത്രമാണ് വീഴ്ചകൾ സംഭവിച്ചിട്ടുള്ളതെന്നും ഇതിൽ മുൻ ജില്ലാ പഞ്ചായത്ത് സെക്രട്ടറിക്കെതിരെ അന്വേഷണത്തിന് ശുപാർശ നൽകിയിട്ടുണ്ടെന്നും സർക്കാർ കോടതിയെ അറിയിച്ചു. രാഷ്ട്രീയ പ്രേരിതമായ ആരോപണങ്ങളാണ് ഉയരുന്നതെന്ന സൂചനയാണ് സർക്കാർ സത്യവാങ്മൂലത്തിലൂടെ നൽകുന്നത്.
എ.ഡി.എം നവീൻ ബാബുവിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസിൽ പ്രതിയായ പി.പി. ദിവ്യക്കെതിരെ ഉയർന്ന അഴിമതി ആരോപണങ്ങളിൽ സർക്കാർ സ്വീകരിക്കുന്ന ഈ നിലപാട് രാഷ്ട്രീയ വൃത്തങ്ങളിൽ വലിയ ചർച്ചയാകുന്നുണ്ട്.
















