ഉത്തർപ്രദേശിലെ ബന്ദയിൽ 33 പിഞ്ചുകുഞ്ഞുങ്ങളെ അതിക്രൂരമായ ലൈംഗിക പീഡനത്തിനിരയാക്കി ദൃശ്യങ്ങൾ ആഗോളതലത്തിൽ വിപണനം ചെയ്ത ദമ്പതികൾക്ക് കോടതി വധശിക്ഷ വിധിച്ചു. ജലസേചന വകുപ്പിലെ മുൻ ജൂനിയർ എൻജിനീയറായ രാംഭവൻ (50), ഭാര്യ ദുർഗാവതി (47) എന്നിവർക്കെതിരെയാണ് ബന്ദയിലെ പ്രത്യേക പോക്സോ കോടതി മാതൃകാപരമായ വിധി പുറപ്പെടുവിച്ചത്. കേസ് ‘അപൂർവ്വങ്ങളിൽ അപൂർവ്വമാണ്’ എന്ന് നിരീക്ഷിച്ച കോടതി, മനുഷ്യത്വത്തിന് നിരക്കാത്ത ഇത്തരം പ്രവൃത്തികൾക്ക് വധശിക്ഷയല്ലാതെ മറ്റൊരു ശിക്ഷയില്ലെന്ന് വ്യക്തമാക്കി.
മൂന്ന് വയസ്സു മുതൽ പത്ത് വയസ്സു വരെ പ്രായമുള്ള കുട്ടികളെയാണ് പ്രതികൾ തങ്ങളുടെ ക്രൂരതയ്ക്ക് ഇരയാക്കിയിരുന്നത്. വീഡിയോ ഗെയിമുകൾ കളിക്കാൻ നൽകിയും പണം, സമ്മാനങ്ങൾ എന്നിവ വാഗ്ദാനം ചെയ്തും പ്രലോഭിപ്പിച്ചാണ് രാംഭവൻ കുട്ടികളെ വീട്ടിലെത്തിച്ചിരുന്നത്. പീഡനദൃശ്യങ്ങൾ ക്യാമറയിൽ പകർത്താൻ ഭാര്യ ദുർഗാവതി ഇയാൾക്ക് ഒത്താശ ചെയ്യുകയും സജീവമായി സഹായിക്കുകയും ചെയ്തു. ഈ ദൃശ്യങ്ങൾ ‘ഡാർക്ക് വെബ്’ വഴി 47 രാജ്യങ്ങളിലുള്ളവർക്കാണ് ഇവർ വിൽപ്പന നടത്തിയത്.
2020-ൽ സിബിഐ ഏറ്റെടുത്ത കേസിൽ അതിശക്തമായ തെളിവുകളാണ് ദമ്പതികൾക്കെതിരെ സമർപ്പിച്ചത്. അന്വേഷണത്തിൽ ഇവരുടെ പക്കൽ നിന്നും നിരവധി ഇലക്ട്രോണിക് ഉപകരണങ്ങളും ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങളും കണ്ടെത്തിയിരുന്നു. വിധിന്യായത്തിന് പുറമെ, പീഡനത്തെ അതിജീവിച്ച ഓരോ കുട്ടിക്കും പത്ത് ലക്ഷം രൂപ വീതം നഷ്ടപരിഹാരം നൽകാൻ ഉത്തർപ്രദേശ് സർക്കാരിനോട് കോടതി നിർദ്ദേശിച്ചു. കൂടാതെ, പ്രതികളുടെ വീട്ടിൽ നിന്ന് പോലീസ് പിടിച്ചെടുത്ത പണം ഇരകളായ കുട്ടികൾക്കിടയിൽ തുല്യമായി വീതിച്ചു നൽകാനും ഉത്തരവിൽ പറയുന്നു.
















